മനപ്പൂര്‍വ്വ വീഴ്ച്ചയുണ്ടായി, ഉത്തരവാദിത്വം നിറവേറ്റിയില്ല ; ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാര്‍ട്ടിരേഖ പുറത്ത് ; തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ആക്ഷേപം

ആലപ്പുഴ: ജി സുധാകരനുമായി ബന്ധപ്പെട്ട് സിപിഐഎമ്മില്‍ വിവാദം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാര്‍ട്ടി രേഖ പുറത്ത്. ജി.സുധാകരനു മനപ്പൂര്‍വമായ വീഴ്ചയുണ്ടായെന്നാണ് രേഖയില്‍ വ്യക്തമാക്കുന്നത്. മണ്ഡലത്തിലെ ചുമതലക്കാരനെന്ന നിലയില്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തെ ദോഷം ചെയ്യുന്ന നിലപാടുകള്‍ ജി സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിലാണ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്നും തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതര പരാമര്‍ശങ്ങളുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ജി സുധാകരനെതിരെ വലിയ പരാതികളാണ് ഉയര്‍ന്നത്. അമ്പലപ്പുഴ മണ്ഡലത്തിന് മതിയായ തുക നല്‍കിയില്ലെന്ന് പാര്‍ട്ടി രേഖ ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പലിശയ്ക്ക് പണം കടമെടുക്കേണ്ടി വന്നു. സ്ഥാനാര്‍ഥി എച്ച്.സലാം എസ്ഡിപിഐ കാരനാണെന്ന പ്രചാരണത്തില്‍ ജി സുധാകരന്‍ മൗനം പാലിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. കെജെ തോമസിനെയും എളമരം കരീമിനെയും ആണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങളായി നിയമിച്ചിരുന്നത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗങ്ങള്‍ മുതല്‍ ഏരിയ കമ്മിറ്റി അംഗങ്ങള്‍ വരെയുള്ളവരുടെ മൊഴി എടുത്തിരുന്നു. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഉയര്‍ന്ന അച്ചടക്ക നടപടി വേണമെന്ന് വിലയിരുത്തിയെങ്കിലും ദീര്‍ഘകാലസേവനം പരിഗണിച്ചാണ് പരസ്യ ശാസനയില്‍ ഒതുക്കിയതെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.






