സ്വര്ണ്ണപാളിയ്ക്ക് പിന്നാലെ ശബരിമലയിലെ യോഗദണ്ഡിന്റെ നവീകരണവും വിവാദത്തില്‍ ; സ്വര്‍ണ്ണം പൂശാന്‍ ചുമതല നല്‍കിയത് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മകന്

തിരുവനന്തപുരം: ശബരിമലയിലെ സ്വര്ണ്ണപാളിയ്ക്ക് പിന്നാലെ അയ്യപ്പവിഗ്രഹവുമായി ബന്ധപ്പെട്ട യോഗദണ്ഡിന്റെ നവീകരണവും വിവാദത്തില്‍. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മകന് ജയശങ്കര്‍ പത്മകുമാറിനാണ് യോഗദണ്ഡും രുദ്രാക്ഷമാലയും സ്വര്‍ണ്ണം പൂശാന്‍ ചുമതല നല്‍കിയതാണ് വിവാദമാകുന്നത്.
ഇത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നതില്‍ വ്യക്തതയില്ല. 2019 ലെ ദേവസ്വം ബോര്‍ഡ് തീരുമാനപ്രകാരമാണ് സ്വര്‍ണം ചുറ്റാനായി യോഗദണ്ഡും രുദ്രാക്ഷമാലയും പുറത്തെടുത്തത്. ദ്വാരപാലക ശില്പങ്ങളിലെ പാളികളുടെ അറ്റകുറ്റപ്പണിക്ക് തൊട്ടുമുമ്പ് യോഗഗണ്ഡിന്റെ അറ്റകുറ്റപ്പണിയും നടന്നു. എന്നാല്‍ ഇതിനായി ഹൈക്കോടതി അനുമതി നല്‍കിയിരുന്നോ എന്നകാര്യം വ്യക്തമല്ല.
ശ്രീകോവിലിനുള്ളിലെ ഗര്‍ഭക്ഷേത്രത്തില്‍ മാത്രം സൂക്ഷിക്കുന്ന യോഗദണ്ഡും രുദ്രാക്ഷമാലയും അറ്റകുറ്റപ്പണിക്കായി ശബരിമലയ്ക്ക് പുറത്തുകൊണ്ടുപോയോ എന്നതിലാണ് വ്യക്തത കുറവുള്ളത്. സന്നിധാനത്ത് തന്നെയാണ് സ്വര്‍ണം ചുറ്റുന്ന പ്രവൃത്തി നടന്നതെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരിച്ചെങ്കിലും രേഖകളില്‍ സ്ഥലം വ്യക്തമാക്കിയിട്ടില്ല.
അതേസമയം തടികൊണ്ടുള്ള യോഗദണ്ഡ് വൃത്തിയാക്കണമെന്ന് തന്ത്രി പറഞ്ഞപ്പോള്‍ വിശ്വാസിയായ മകനെ ഏല്‍പ്പിക്കുകയായിരുന്നു. അവന്റെ ചിലവിലാണ് അത് ചെയ്തതെന്നും ശബരിമലയില്‍ വെച്ചാണ് അറ്റകുറ്റപ്പണി നടത്തിയതെന്നും പത്മകുമാര്‍ വിശദീകരിച്ചു.






