Breaking NewsKeralaLead NewsNEWSNewsthen Special

താമരശ്ശേരിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവം അപലപനീയമെന്ന് മന്ത്രി വീണാ ജോര്‍ജ് : സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ല, നാളെ പണിമുടക്കിനൊരുങ്ങി കോഴിക്കോട് ജില്ലയിലെ ഡോക്ടര്‍മാര്‍

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയില്‍ പണിമുടക്കിനൊരുങ്ങി ഡോക്ടര്‍മാര്‍. ജില്ലയിലെ അത്യാഹിത വിഭാഗത്തിലൊഴികെയുള്ള ഡോക്ടര്‍മാര്‍ പണിമുടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി.

വന്ദന ദാസിന്റെ മരണ സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചില്ലെന്നും ഇതേ തുടര്‍ന്നാണ് പ്രതിഷേധത്തിനൊരുങ്ങുന്നത് എന്നും കെജിഎംഒഎ സംസ്ഥാന അധ്യക്ഷന്‍ ഡോ പി കെ സുനില്‍ മാധ്യമങ്ങളോട് പറഞ്ഞു. എക്‌സ് സര്‍വ്വീസ് ഉദ്യോഗസ്ഥരെയാണ് സെക്യൂരിറ്റി പോസ്റ്റില്‍ നിയമിക്കേണ്ടത് എന്നാല്‍ പ്രായംചെന്ന മനുഷ്യന്മാരെയാണ് സെക്യൂരിറ്റിയായി നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Signature-ad

സര്‍ക്കാര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ലെന്നും പറഞ്ഞു. ആശുപത്രികളില്‍ സിഎസ്എഫിന് സമാനമായ സംസ്ഥാനത്തിന്റെ സേനയെ വിന്യസിക്കുമെന്നും എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രിയാണ് ഉറപ്പ് നല്‍കിയതെന്നും എന്നാല്‍ ഇതുവരെ അതൊന്നും പാലിച്ചില്ലെന്നും പറഞ്ഞു. ഇതിന്റെ പ്രതിഷേധ സൂചകമായി നാളെ കോഴിക്കോട് ജില്ലയിലെ എല്ലാ ഡോക്ടര്‍മാരും പണിമുടക്കും. സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത് പണിമുടക്ക് സംസ്ഥാന തലത്തിലാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഡോ പി കെ സുനില്‍ വ്യക്തമാക്കി

ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമെന്നും ഞെട്ടിക്കുന്നതെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും പറഞ്ഞു. ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിപിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ ആക്രമിച്ചത്. മൂര്‍ച്ചയുള്ള കൊടുവാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: