Breaking NewsIndiaLead NewsNEWS

ഒന്നും മിണ്ടാതെ ഓടിപ്പോയി, അയാളെ അറസ്റ്റ് ചെയ്യണം! ദുരന്തത്തിനിടെ ചെന്നൈയിലേക്ക് ‘മുങ്ങിയ’ വിജയിനെതിരെ രൂക്ഷവിമര്‍ശനം; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം സഹായധനം പ്രഖ്യാപിച്ച് സൂപ്പര്‍താരം

ചെന്നൈ: ടിവികെ റാലിക്കിടെ ദുരന്തമുണ്ടായപ്പോള്‍ ഒന്നും മിണ്ടാതെ നടനും ടിവികെ അധ്യക്ഷനുമായ വിജയ് ചെന്നൈയിലെ വീട്ടിലേക്ക് പോയതില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നു. തിക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടായതോടെ, വിജയ് ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രാത്രി 10.10 ന് ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു.

വലിയ ദുരന്തം സംഭവിച്ച സാഹചര്യത്തില്‍ വിജയിന്റെ ഭാഗത്തു നിന്നും ഉടന്‍ പ്രസ്താവന ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ്, വിമാനത്താവളത്തില്‍ കാത്തിരുന്ന മാധ്യമ പ്രവര്‍ത്തകരെ പോലും ഒഴിവാക്കി, ആരോടും ഒന്നും മിണ്ടാതെ വിജയ് തിരിച്ചുപോയത്. കരൂരിലെ ആശുപത്രികളില്‍ സന്ദര്‍ശിച്ച് ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കളെയും, ചികിത്സയിലുള്ളവരെയും സമാശ്വസിപ്പിക്കാനും വിജയ് കൂട്ടാക്കിയിരുന്നില്ല.

Signature-ad

കരൂരിലേക്ക് റോഡു മാര്‍ഗം എത്തിയ വിജയ് പ്രത്യേക വിമാനത്തില്‍ ചെന്നൈയിലേക്ക് പോകുകയായിരുന്നു. ആളുകള്‍ മരിച്ചുവീണിട്ടും എസി മുറിയിലിരിക്കാനായി വിജയ് ഓടിപ്പോയെന്ന് ദുരന്തത്തിന്റെ ഇരകളുടെ ബന്ധുക്കള്‍ വിമര്‍ശിച്ചു. ദുരന്തത്തില്‍ നടന്‍ വിജയിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വിജയ് യുടെ പാര്‍ട്ടിയായ ടിവികെ പുലര്‍ത്തുന്ന മൗനത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

‘റാലിയില്‍ 10000 പേര്‍ മാത്രമേ പങ്കെടുക്കൂ എന്ന് ടിവികെ റാലിയുടെ സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 50,000 മുതല്‍ 1 ലക്ഷം വരെ ആളുകള്‍ റാലിയില്‍ പങ്കെടുത്തു. തമിഴ്നാട് പൊലീസ് ഏര്‍പ്പെടുത്തിയ എല്ലാ നിബന്ധനകളും ലംഘിച്ചു. ഇത് വലിയ ആള്‍നാശത്തിന് വഴിവെച്ചു. നഷ്ടപ്പെട്ട ഓരോ ജീവനും വിജയ് ഉത്തരവാദിയാണ്,’ ഡിഎംകെ വക്താവും ഐടി വിങ് സെക്രട്ടറിയുമായ സേലം ധരണീധരന്‍ പറഞ്ഞു.

സംഭവം ഭയാനകമാണെന്ന് പറഞ്ഞ ഡിഎംകെ നേതാവ് ധരണീധരന്‍, ആളുകള്‍ റീല്‍ ജീവിതവും യഥാര്‍ത്ഥ ജീവിതവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പഠിക്കണമെന്നും അഭിപ്രായപ്പെട്ടു. ജനങ്ങള്‍ ആദ്യം നിങ്ങളുടെ സ്വന്തം ജീവിതം പരിപാലിക്കാന്‍ പഠിക്കേണ്ടതുണ്ട്. ആരെങ്കിലും ഒരു നടനെ അഞ്ച്-ആറ് മണിക്കൂര്‍ കാത്തിരിക്കേണ്ടത് എന്തിനാണ്? ആദ്യ മീറ്റിങ്ങ് 8:45 ന് നാമക്കലില്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ മാന്യന്‍ 8:45 ന് മാത്രമാണ് വിമാനത്തില്‍ പുറപ്പെട്ടത്. നാല് മണിക്കൂര്‍ വൈകിയാണ് നാമക്കലില്‍ എത്തിയത്. ധരണീധരന്‍ പറഞ്ഞു.

വിജയ് യുടെ മുന്‍ റാലിയില്‍ പോലും, അദ്ദേഹത്തിന്റെ വരവിനായി കൊടും വെയിലില്‍ കാത്തിരുന്നതിനാല്‍ ആളുകള്‍ ബോധരഹിതരായി. ആളുകള്‍ എന്തിനാണ് കാത്തിരിക്കുന്നത്? ആളുകള്‍ എന്തിനാണ് കാത്തിരിക്കേണ്ടത്? അതാണ് ആദ്യത്തെ ചോദ്യം. ആളുകള്‍ എന്തിനു വേണ്ടിയാണ് എല്ലാ ജോലികളും ഉപേക്ഷിച്ച് വന്നത്? അയാളെ ഒരുനോക്കു കാണുക എന്ന ലക്ഷ്യത്തോടെയാണ്. ദുരന്തമുണ്ടായപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പോലും നില്‍ക്കാതെ അയാള്‍ ഓടിപ്പോയി. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ഒരാളെ നിങ്ങള്‍ തെരഞ്ഞെടുക്കണോ? . ധരണീധരന്‍ ചോദിച്ചു.

അതേസമയം, കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഇത് നികത്താനാവാത്ത ഒരു നഷ്ടമാണ്. ആര് ആശ്വാസവാക്കുകള്‍ പറഞ്ഞാലും നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിലെ ഒരംഗമെന്ന നിലയില്‍, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപയും, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇത്രയും വലിയൊരു നഷ്ടത്തിന് മുന്നില്‍ ഈ തുക ഒന്നുമല്ല. എങ്കിലും, ഈ നിമിഷത്തില്‍, നിങ്ങളുടെ കുടുംബത്തില്‍പ്പെട്ട ഒരാളെന്ന നിലയില്‍, എന്റെ പ്രിയപ്പെട്ടവരായ നിങ്ങളോടൊപ്പം നില്‍ക്കുക എന്നത് എന്റെ കടമയാണ്.’ വിജയ് എക്‌സില്‍ കുറിച്ചു.

‘കരൂരില്‍ സംഭവിച്ചതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍, എന്റെ ഹൃദയവും മനസ്സും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ കടുത്ത ഭാരത്താല്‍ നിറയുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ അതിയായ ദുഃഖത്തിനിടയില്‍ വാക്കുകള്‍ കിട്ടുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ദുഃഖിക്കുന്ന നിങ്ങള്‍ക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതോടൊപ്പം, ഈ വലിയ ദുഃഖത്തില്‍ നിങ്ങളുടെ ഹൃദയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നു.’

‘പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എല്ലാ പ്രിയപ്പെട്ടവരും വേഗത്തില്‍ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിവരാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം, ചികിത്സയില്‍ കഴിയുന്ന പ്രിയപ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ‘തമിഴക വെട്രി കഴകം’ ഉറപ്പായും നല്‍കുമെന്നും ഞാന്‍ ഉറപ്പുനല്‍കുന്നു. വിജയ് വ്യക്തമാക്കി.

Back to top button
error: