ഭാര്യയുള്ളയാളെ വിവാഹം ചെയ്തു, ചെയ്തത് തെറ്റാണെന്ന് ഷീല പിന്നീട് ചിന്തിച്ചു; മകനെ കാണണമെന്ന അവസാന ആഗ്രഹം…

മലയാളികള്‍ക്ക് പ്രിയങ്കരിയാണ് നടി ഷീല. പഴയ കാല നായിക നടിയായ ഷീലയ്ക്ക് സിനിമാ രംഗത്ത് ബഹുമാന്യ സ്ഥാനം ഇപ്പോഴുമുണ്ട്. തുറന്ന് സംസാരിക്കുന്ന ആളാണെങ്കിലും തന്റെ വിവാഹത്തെക്കുറിച്ചും വേര്‍പിരിഞ്ഞതിനെക്കുറിച്ചും ഷീല സംസാരിക്കാറില്ല. അന്തരിച്ച നടന്‍ രവിചന്ദ്രനായിരുന്നു ഷീലയുടെ ഭര്‍ത്താവ്. ജോര്‍ജ് എന്നാണ് ഇവര്‍ക്ക് പിറന്ന മകന്റെ പേര്. ഷീലയുടെ ജീവിതത്തെക്കുറിച്ച് നടിയെ അടുത്തറിയാവുന്ന ജയന്തി കണ്ണപ്പന്‍ ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. ഇവരുടെ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.
പിരിയാന്‍ പറ്റാത്ത വിധം അടുത്തതോടെ വിവാഹിതനാണെന്ന് അറിഞ്ഞ് കൊണ്ട് ഷീല രവിചന്ദ്രനെ വിവാഹം ചെയ്തു. ഒരു മകന്‍ അവര്‍ക്ക് പിറന്നു. പ്രണയത്തിലായിരിക്കുമ്പോള്‍ പങ്കാളിയുടെ തെറ്റുകള്‍ മനസിലാക്കില്ല. പിന്നീടാണ് മനസിലാക്കുക. രവിചന്ദ്രന് രണ്ട് കുടുംബങ്ങളും നോക്കേണ്ടി വന്നു. ആദ്യ വിവാഹ ബന്ധത്തില്‍ അദ്ദേഹത്തിന് മൂന്ന് മക്കളാണ്. പൊതുവെ രണ്ട് വിവാഹം ചെയ്യുന്നവര്‍ക്ക് അവിടെയും ഇവിടെയും എന്ന് പറഞ്ഞ് ഒരു പ്രശ്‌നമുണ്ടാകും. പിരിഞ്ഞ ശേഷം ഷീല കുഞ്ഞിനൊപ്പം ജീവിച്ചു. ഞാന്‍ ചെയ്തതും തെറ്റാണ് എന്ന് അവര്‍ ചിന്തിച്ച കാലങ്ങളുണ്ട്. മകനെ ഒറ്റയ്ക്ക് വളര്‍ത്തി.
ഷീലയുമായി പിരിഞ്ഞ ശേഷം രവിചന്ദ്രന്‍ ആദ്യ ഭാര്യ വിമലയ്‌ക്കൊപ്പമായിരുന്നു കഴിഞ്ഞത്. മരിക്കുന്നതിന് മുമ്പ് സുഖമില്ലാതെ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞങ്ങളെല്ലാം പോയി കണ്ടു. മനസിലാകുന്നുണ്ടെങ്കിലും സംസാരിക്കാനാകുന്നില്ല. അവസാന നാളുകളില്‍ അദ്ദേഹം മരണവുമായി മല്ലിടുന്നത് പോലെ തോന്നി. വിമല എന്നോട് സംസാരിച്ചു. അദ്ദേഹത്തിന് ഷീലയിലുണ്ടായ മകനെ കാണണമെന്ന് ആഗ്രഹമുണ്ടെന്ന് തോന്നുന്നു, അവസാന ആഗ്രഹം സാധിക്കാത്തത് കൊണ്ടാണ് ജീവന്‍ പോകാത്തതെന്ന് തോന്നുന്നു. മകനെ കാണിക്കാന്‍ ഏര്‍പ്പാട് ചെയ്യുമോ എന്ന് വിമല എന്നോട് ചോദിച്ചു.
ഷീലയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ എന്താണങ്ങനെ ചോദിക്കുന്നത്, അദ്ദേഹത്തിന്റെ മകനല്ലേ, എനിക്കൊരു പ്രശ്‌നവും ഇല്ല, നീ തന്നെ അവനെ കൂട്ടിക്കൊണ്ട് പൊയ്‌ക്കോ, എന്തൊക്കെയായാലും സ്വന്തം അച്ഛനല്ലേ. മകനും കാണണമെന്ന് ആഗ്രഹമുണ്ടാകും എന്ന് പറഞ്ഞു. അങ്ങനെ ജോര്‍ജിനെ താന്‍ വന്ന് കൂട്ടിക്കൊണ്ട് പോയി പിതാവിനെ കാണിച്ചെന്നും ജയന്തി കണ്ണപ്പന്‍ പറഞ്ഞു.






