അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവത്തില്‍ സജി ചെറിയാന്‍ മറുപടി പറയട്ടെ ; എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് ബിനോയ് വിശ്വം ; സിപിഐ മതത്തിനൊപ്പമാണ്, പക്ഷേ ഭ്രാന്ത്രിനൊപ്പമില്ല

തിരുവനന്തപുരം: അമൃതാനന്ദമയിയെ സജി ചെറിയാന്‍ ആശ്ലേഷിച്ച സംഭവം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. വിഷയത്തില്‍ സജി ചെറിയാന്‍ തന്നെ മറുപടി പറയണമെന്നും സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആശ്ലേഷിക്കുന്ന ചിത്രം കണ്ടിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
എല്‍ഡിഎഫ് യഥാര്‍ത്ഥ വിശ്വാസങ്ങളെ സ്വീകരിക്കും അക്കാര്യത്തില്‍ സിപിഐയ്ക്ക് കൃത്യമായ നിലപാട് ഉണ്ട്. മതങ്ങള്‍ക്കൊപ്പം നില്‍ക്കും എന്നാല്‍ മത ഭ്രാന്തിനൊപ്പം നില്‍ക്കില്ല. മതഭ്രാന്തിനോട് മുട്ടുകുത്തില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അമൃതാനന്ദമയിയെ ആദരിച്ച സംഭവത്തില്‍ സര്‍ക്കാരിനും മന്ത്രി സജി ചെറിയാനുമെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലായിരുന്നു ചടങ്ങ് നടന്നത്. അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം. സര്‍ക്കാരിന്റെയും മന്ത്രിയുടെയും നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
ഇടതുപക്ഷത്തെ പിന്തുണച്ചുകൊണ്ടുള്ള എന്‍എസ്എസ് നിലപാടിലും ബിനോയ് വിശ്വം പ്രതികരിച്ചു. ഇടതുപക്ഷം ആണ് ശരിയെന്ന് ബോധ്യപ്പെട്ടാല്‍ അവര്‍ അത് പറയട്ടെ. ഇത് പോസിറ്റീവായി കാണുന്നെന്നും പറഞ്ഞു.






