ഇപ്പോഴത്തെ നിലപാട് സമദൂരത്തിലെ ശരിദൂരമെന്ന് സുകുമാരന്‍ നായര്‍; ‘ഇക്കാര്യം സംസാരിക്കാന്‍ ആണെങ്കില്‍ കോണ്‍ഗ്രസോ ബിജെപിയോ കാണാന്‍ വരേണ്ടതില്ല’; എന്‍എസ്എസ് യോഗത്തില്‍ നിലപാടിനെ പിന്തുണച്ച് അംഗങ്ങള്‍

കോട്ടയം: എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ മാറ്റമില്ലെന്നും ഇപ്പോള്‍ സ്വീകരിച്ചത് ശരിദൂരമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാടിനെ പ്രതിനിധി സഭാ യോഗത്തില്‍ അംഗങ്ങള്‍ പിന്തുണച്ചു. സമദൂര നയത്തില്‍ നിന്ന് മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ യോഗത്തിലും പിന്നീട് മാധ്യമങ്ങളോടും ആവര്‍ത്തിച്ചു.
ശബരിമല പ്രക്ഷോഭം സമയത്തെ സാഹചര്യം അല്ല നിലവിലെന്നും സുകുമാരന്‍ നായര്‍ യോഗത്തില്‍ വ്യക്തമാക്കി. യോഗത്തിനുശേഷം സമദൂരത്തിലെ ശരിദൂരമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകിച്ച് അനുകൂല നിലപാട് എന്‍എസ്എസിനില്ലെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സമദൂര നയത്തില്‍ നിന്ന് ഒരിക്കലും മാറ്റമുണ്ടായിട്ടില്ല. മന്നത്ത് പത്മനാഭന്റെ കാലത്തുള്ള നിലപാട് തന്നെയാണ് തുടരുന്നത്. അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് പ്രതിനിധി പങ്കെടുത്തത് സമദൂര നയത്തില്‍ നിന്നുള്ള മാറ്റമാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൂടെ ഞങ്ങളില്ല. ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. സമദൂരത്തില്‍ ഒരു ശരിദൂരമുണ്ട്. അതാണ് ഇപ്പോള്‍ സ്വീകരിച്ച നിലപാട്. കോണ്‍ഗ്രസിനെയോ ബിജെപിയോ ആരെയും താന്‍ വിളിച്ചിട്ടില്ല. നിലപാടിന് യാതൊരു മാറ്റവുമില്ല. പറഞ്ഞത് ശബരിമല വിഷയത്തിലെ നിലപാടാണ്. അത് അംഗങ്ങള്‍ കൂടി അറിയാന്‍ യോഗത്തില്‍ പറഞ്ഞു കഴിഞ്ഞു. യോഗത്തില്‍ ഈ നിലപാട് എല്ലാവരും അംഗീകരിക്കുകയും ചെയ്തു. രാഷ്ട്രീയ നിലപാട് അല്ല ഇതെന്നും കോണ്‍ഗ്രസോ ബിജെപിയോ കാണാന്‍ വരുന്നതില്‍ ആലോചിച്ച് പറയേണ്ട കാര്യമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇക്കാര്യം സംസാരിക്കാന്‍ ആണെങ്കില്‍ വരേണ്ടതില്ല. മറ്റു കാര്യങ്ങള്‍ക്ക് ആളുകള്‍ വരേണ്ടെന്ന് പറയാന്‍ കഴിയില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി അത് എന്‍എസ്എസിന് അനുകൂല നിലപാടായതുകൊണ്ടാണ് പിന്തുണച്ചതെന്ന് യോഗത്തിനുശേഷം അംഗങ്ങള്‍ പ്രതികരിച്ചു. എന്‍എന്‍എസിന്റെ ഉയര്‍ച്ചുവേണ്ടിയുള്ള എല്ലാ ഉത്തരവാദിത്വവും ജി സുകുമാരന്‍ നായര്‍ നിര്‍വഹിക്കുന്നുണ്ടെന്നും യോഗത്തില്‍ അദ്ദേഹത്തിന്റെ നിലപാടിനെ പൂര്‍ണമായും പിന്തുണച്ചുവെന്നും അംഗങ്ങള്‍ പറഞ്ഞു.






