Breaking NewsIndiaLead NewsNEWS

‘ഡല്‍ഹി ബനേഗാ ഖലിസ്ഥാന്‍, ഡോവല്‍ ഞാന്‍ കാത്തിരിക്കുന്നു’; വെല്ലുവിളിച്ച് ഖലിസ്ഥാന്‍ ഭീകരര്‍

ഒട്ടാവ: ഇന്ത്യയില്‍ ഖലിസ്ഥാന്‍ മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് വിഘനവാദി സംഘടനാ നേതാക്കള്‍. ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പട്വന്ത് സിങ് പന്നുന്‍, ഇന്ദര്‍ജീത് സിങ് ഗോസല്‍ എന്നിവരാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. കാനഡയില്‍ അറസ്റ്റിലായ ഇന്ദര്‍ജീത് സിങ് ഗോസല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഭീഷണിപ്പെടുത്തുന്ന പ്രതികരണങ്ങളുമായി ഇരുവരും രംഗത്തെത്തിയത്. ഇരുവരും ഇന്ത്യന്‍ അധികൃതരെ വെല്ലുവിളിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

താനിപ്പോള്‍ സ്വതന്ത്രനാണ്, പ്രഖ്യാപിത ഖലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പന്നുനെ പിന്തുണയ്ക്കും. എന്നായിരുന്നു ജയിലിന് പുറത്ത് വച്ച് ഇന്ദര്‍ജീത് സിങ് ഗോസലിന്റെ പ്രഖ്യാപനം. ”ഇന്ത്യ, ഞാന്‍ പുറത്തെത്തി; ഗുര്‍പട്വന്ത് സിങ് പന്നുനെ പിന്തുണയ്ക്കാന്‍, 2025 നവംബര്‍ 23ന് ഖലിസ്ഥാന്‍ ഹിതപരിശോധന സംഘടിപ്പിക്കാന്‍… ഡല്‍ഹി ബനേഗാ ഖലിസ്ഥാന്‍”. എന്നാണ് വിഡിയോയിലെ അവകാശവാദം. ഇതിന് ശേഷമാണ് അജിത്ത് ഡോവലിന് എതിരായ വെല്ലുവിളി. ‘കാനഡയിലോ, അമേരിക്കയിലോ, അല്ലെങ്കില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലോ വരുന്നില്ല. ഇവിടെ വന്ന് തങ്ങളെ അറസ്റ്റ് ചെയ്യാനോ കുറ്റവാളികളെ കൈമാറ്റം ചെയ്യാനോ ശ്രമിക്കുന്നില്ല’. എന്നായിരുന്നു പരാമര്‍ശം.

Signature-ad

സെപ്റ്റംബര്‍ 19 ന് ഒന്റാറിയോയിലെ ഒരു ട്രാഫിക് പരിശോധനയില്‍ അറസ്റ്റിലായ മൂന്ന് ഖലിസ്ഥാന്‍ വിഘടനവാദികളില്‍ ഒരാളായിരുന്നു ഇന്ദര്‍ജീത് സിങ് ഗോസല്‍. ന്യൂയോര്‍ക്ക് പിക്ക്വില്ലെയില്‍ നിന്നുള്ള ജഗ്ദീപ് സിങ് (41), ടൊറന്റോയില്‍ നിന്നുള്ള അര്‍മാന്‍ സിങ് (23) എന്നിവര്‍ക്കൊപ്പമായിരുന്നു ഗോസലിനെ അറസ്റ്റ് ചെയ്തത്. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) വിഘടനവാദ ഗ്രൂപ്പിന്റെ കാനഡയിലെ കോര്‍ഡിനേറ്ററാണ് ഇന്ദര്‍ജീത് സിങ് ഗോസല്‍. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണശേഷം 2023ല്‍ എസ്എഫ്ജെയുടെ കാനഡയിലെ സംഘാടകനായി മാറിയിരുന്നു ഗോസല്‍. എസ്എഫ്‌ജെ ജനറല്‍ കൗണ്‍സല്‍ ഗുര്‍പട്വന്ത് സിങ് പന്നുനിന്റെ അടുത്ത അനുയായിയാണ് ഇയാള്‍ എന്നാണ് കണക്കാക്കുന്നത്.

ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചതിനാണ് നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്ജെ) തലവനായ പന്നുനെതിരെ അടുത്തിടെ കേസെടുത്തിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നതു തടയുന്നവര്‍ക്ക് 11 കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത പ്രസംഗത്തിന്റെ പേരിലായിരുന്നു നടപടി.

 

Back to top button
error: