ലഹരി വിമോചനകേന്ദ്രത്തില്‍ പ്രവേശിച്ചയാള്‍ക്ക് വയറുവേദന ; ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത് 29 സ്റ്റീല്‍ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും രണ്ടു പേനകളും…!

മദ്യപാനശീലത്തില്‍ നിന്നും മോചിപ്പിക്കാന്‍ നിന്നും മോചിപ്പിക്കാന്‍ ലഹരി വിമോചനകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് ദേഷ്യം കയറി ലഹരി വിമോചന കേന്ദ്രത്തിലെ സ്പൂണുകളും ടൂത്ത് ബ്രഷുകളും തിന്നു തീര്‍ത്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഒരു ലഹരി വിമോചന കേന്ദ്രത്തിലാണ് സംഭവം. ഒടുവില്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശസ്ത്രക്രിയയിലൂടെ 29 സ്റ്റീല്‍ സ്പൂണുകളും, 19 ടൂത്ത് ബ്രഷുകളും, 2 പേനകളും പുറത്തെടുത്തു.
ഹാപ്പൂര്‍ സ്വദേശിയായ 35-കാരനായ സച്ചിനെ വീട്ടുകാര്‍ ഹാപ്പൂരിലെ ഒരു ലഹരി വിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തന്നെ അവിടെ ഉപേക്ഷിച്ചതിലുള്ള ദേഷ്യം കൂടാതെ, രോഗികള്‍ക്ക് നല്കുന്ന കുറഞ്ഞ അളവിലുള്ള ഭക്ഷണവും അയാളെ ചൊടിപ്പിച്ചു. ‘ഒരു ദിവസം മുഴുവന്‍ വളരെ കുറഞ്ഞ പച്ചക്കറികളും കുറച്ച് ചപ്പാത്തികളും മാത്രമേ ഞങ്ങള്‍ക്ക് തന്നിരുന്നുള്ളൂ. വീട്ടില്‍ നിന്ന് എന്തെങ്കിലും വന്നാല്‍, കൂടുതലും ഞങ്ങള്‍ക്ക് ലഭിക്കില്ല. ചിലപ്പോള്‍ ഒരു ദിവസം ഒരു ബിസ്കറ്റ് മാത്രമായിരിക്കും കിട്ടുക,’ അദ്ദേഹം പറഞ്ഞു. ഇതിലുള്ള ദേഷ്യത്തില്‍, അയാള്‍ സ്റ്റീല്‍ സ്പൂണുകള്‍ മോഷ്ടിച്ച്, ബാത്ത്റൂമില്‍ പോയി അവ കഷ്ണങ്ങളാക്കി വിഴുങ്ങുമായിരുന്നു, ചിലപ്പോള്‍ വെള്ളം കുടിച്ച് അത് വയറ്റിലേക്ക് തള്ളിവിടും.
പിന്നീട് വയറുവേദന അനുഭവപ്പെട്ടപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്സ്-റേ, സിടി സ്കാന്‍ പരിശോധനകളില്‍ വയറ്റില്‍ സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനകളും ഉള്ളതായി കണ്ടെത്തി. എന്‍ഡോസ്കോപ്പിയിലൂടെ ഇത് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വയറ്റിലുള്ള വസ്തുക്കളുടെ അളവ് കാരണം അത് പരാജയപ്പെട്ടു. ‘മാനസിക പ്രശ്നങ്ങളുള്ള ആളുകളില്‍ ഇത്തരം പ്രശ്നങ്ങള്‍ സാധാരണയായി സംഭവിക്കാറുണ്ട്,’ സച്ചിനെ ഓപ്പറേഷന് ചെയ്ത ആശുപത്രിയിലെ ഡോക്ടര്‍ ശ്യാം കുമാര്‍ പറഞ്ഞു.






