‘വെസ്റ്റ് ബാങ്ക് പിടിക്കാന്‍ ഇസ്രയേലിനെ അനുവദിക്കില്ല’: അറബ് നേതാക്കള്‍ക്ക് ട്രംപിന്റെ ഉറപ്പ്; യുദ്ധം അവസാനിപ്പിക്കാന്‍ പദ്ധതിയും അവതരിപ്പിച്ചു; ഹമാസിനെ തകര്‍ത്ത് ബന്ദികളെ മോചിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു

ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ഇസ്രയേലിനെ ഒരിക്കലും അനുവദിക്കില്ലെന്ന് അറബ് നേതൃത്വത്തിന് ട്രംപിന്റെ ഉറപ്പ്. വിഷയവുമായി ബന്ധമുള്ള ആറുപേരെ ഉദ്ധരിച്ചു ‘ദി പൊളിറ്റിക്കോ’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയില്‍ ട്രംപ് ഈ വിഷയത്തില്‍ ഉറച്ചുനിന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎന്‍ അസംബ്ലിയില്‍ പങ്കെടുത്ത ട്രംപ്, ഇസ്രയേലിനു പ്രത്യക്ഷ പിന്തുണ നല്‍കിയെങ്കിലും ഗാസയിലെ യുദ്ധം നിര്‍ത്തുന്നതിനും വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതില്‍നിന്ന് ഇസ്രയേലിനെ വിലക്കുന്നതുമായും ബന്ധപ്പെട്ടു ധവളപത്രം ഇറക്കിയെന്നും ഇതില്‍ വിശദമായി പദ്ധതികള്‍ പ്രതിപാദിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
ഗാസ പിടിച്ചെടുക്കാനുള്ള അതിരൂക്ഷ യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിനെതിരേ ആഗോള പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇതുവ െ65,000 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണു വിവരം. ആഗോള ഹംഗര്‍ മോണിട്ടറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കടുത്ത പട്ടിണിയിലാണെന്നും പറയുന്നു. നേരത്തേ ഇസ്രയേലിന് കോടിക്കണക്കിന്റെ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാനുള്ള അനുമതി യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ചിരുന്നു. ഹമാസിനെതിരായ പോരാട്ടത്തില്‍ പന്തുണ നല്‍കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ധവളപത്രത്തിലെ വിവരങ്ങള്‍ എന്തെന്നു വ്യക്തമല്ലെങ്കിലും അറബ് നേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ ട്രംപിനു കഴിഞ്ഞെന്നാണു വിലയിരുത്തല്‍.
എന്നാല്‍, ബന്ദികളെ തിരിച്ചെത്തിക്കാനും ഗാസ യുദ്ധം അവസാനിപ്പിക്കാനുമുള്ള അന്തിമ നീക്കത്തിലാണ് ഐഡിഎഫ് എന്നാണ് നെതന്യാഹു വ്യക്തമാക്കിയത്. സംയുക്ത സൈനിക നീക്കമാണ് ഗാസയില്‍ നടക്കുന്നത്. ഹമാസിനെ ഇല്ലാതാക്കുമെന്നും ബന്ദികളെ തിരിച്ചെത്തിക്കുമെന്നും നെതന്യാഹു ആവര്‍ത്തിച്ചു. നിലവില്‍ അമേരിക്കയിലുള്ള നെതന്യാഹു, വെള്ളിയാഴ്ച യുഎന്‍ അസംബ്ലിയില്‍ സംസാരിക്കും. ഇതിനിടെ ട്രംപുമായി നിര്‍ണായക കൂടിക്കാഴ്ചകളും നടത്തും.
ഇതുവരെ 70,000 ആളുകളെയെങ്കിലും ഇസ്രായേല്‍ സൈന്യം ഗാസയുടെ തെക്കന്‍ മുനമ്പില്‍നിന്ന് ഒഴിപ്പിച്ചെന്നാണു റിപ്പോര്‍ട്ട്. ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഹ്യുമാനിറ്റേറിയന്‍ സോണിലേക്കു മാറണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ചു നിരവധിപ്പേര്‍ ഇവിടേക്കു മാറിയിട്ടുണ്ട്. ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസിനെതിരേ അണിനിരക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഗാസയിലെ ഏതാണ്ടെല്ലാവരും ഇപ്പോള്‍ ഒഴിഞ്ഞിട്ടുണ്ട്.






