താലിബാന്‍ ‘വിസ്മയ’ത്തില്‍നിന്ന് രക്ഷപ്പെട്ടു; ചരിത്ര നേട്ടവുമായി അഫ്ഗാന്‍ വനിതാ അഭയാര്‍ഥി ടീം; രാജ്യാന്തര മത്സരം ഉടന്‍; മത കോടതികളുടെ വിലക്കില്ല; കളിക്കളത്തില്‍ അവര്‍ യഥാര്‍ഥ പോരാളികള്‍

ദുബായ്: താലിബാന്‍ ഭരണകൂടം അഫ്ഗാന്‍ പിടിച്ചതിനു പിന്നാലെ രാജ്യവിട്ട വനിതകളുടെ ഫുട്‌ബോള്‍ ടീം ആദ്യമായി രാജ്യാന്തര മത്സരത്തിന് ഇറങ്ങുന്നു. അഫ്ഗാന്‍ സ്ത്രീകളുടെ റെഫ്യൂജി ടീമാണ് നാലു സൗഹൃദ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം യുഎഇയില്‍ അടുത്തമാസം രാജ്യാന്തര മത്സരത്തിന് ഇറങ്ങുക. ഫിഫയാക്ക് ഇക്കാര്യം ബുധനാഴ്ച വ്യക്തമാക്കിയത്.
2021ല്‍ താലിബാന്‍ അധികാരത്തിലെത്തിയശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലടക്കം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം സ്ത്രീകളുടെ സ്‌പോര്‍ട്‌സ് പങ്കാളിത്തത്തിനും വിലക്കേര്‍പ്പെടുത്തി. ഫുട്‌ബോള്‍ കളിക്കാര്‍ക്ക് മതവിചാരണ ഭയന്നു രാജ്യം വിടേണ്ടിയും വന്നു.
‘ഫിഫ യുണൈറ്റ്‌സ്: വനിതാ പരമ്പര’ ടൂര്‍ണമെന്റ് ഒക്ടോബര്‍ 23 മുതല്‍ 29 വരെ ദുബായില്‍ നടക്കും, യുഎഇ, ചാഡ്, ലിബിയ എന്നീ രാജ്യങ്ങളുടെ പതിവു ടീമുകള്‍ക്കൊപ്പം അഫ്ഗാന്‍ അഭയാര്‍ഥി സ്‌ക്വാഡും മത്സരിക്കും. എല്ലാ സ്ത്രീകള്‍ക്കും ഫുട്‌ബോളില്‍ അവസരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഫിഫ ഇത്തരമൊരു മത്സരം ഒരുക്കുന്നതെന്നും കായികരംഗത്തിന്റെ മുന്നേറ്റത്തിന് ഇത്തരം മത്സരങ്ങള്‍ ആവശ്യമാണെന്നും ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാറ്റിനോ പറഞ്ഞു.
‘ഈ മത്സരത്തിനു ഗ്രൗണ്ടിലും പുറത്തും പ്രതികരണങ്ങളുണ്ടാക്കാന്‍ കഴിയുമെന്നു ഞങ്ങള്‍ക്കറിയാം. ഒരു സൗഹൃദ മത്സരത്തിനപ്പുറം സ്ത്രീകളുടെ പുരോഗതിക്കുള്ള പ്രതീക്ഷ നല്‍കുന്നതാണ്. എല്ലാ രാജ്യത്തിനും ഇതു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
താലിബാന്‍ അധികാരം പിടിച്ചെടുക്കുന്നതിനുമുമ്പ് അഫ്ഗാനിസ്ഥാന് 25 വനിതാ ഫുട്‌ബോള്‍ കളിക്കാരാണ് ഉണ്ടായിരുന്നത്. ഇവരിലേറെപ്പേരും ഇന്ന് ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്. സ്ത്രീകള്‍ക്കു വിലക്കുവന്നെങ്കിലും അഫ്ഗാന്റെ പുരുഷ ടീം അതുപോലെതന്നെയുണ്ട്. നിരവധി തവണ കഴിവു പരിശോധിക്കാനുള്ള ക്യാമ്പുകള്‍ സംഘടിപ്പിച്ചശേഷമാണ് 23 അംഗ കളിക്കാരെ തെരഞ്ഞെടുത്തത്.
അഫ്ഗാന്‍ ദേശീയ ടീമിലേക്ക് എല്‍ഹ സഫ്ദാരിയെന്ന പതിനേഴുകാരിക്കു വിളിയെത്തിയതിനു തൊട്ടു പിന്നാലെയാണ് താലിബാന്‍ അധികാരം പിടിച്ചെടുത്തത്. ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു സുപ്രഭാതത്തില്‍ സോഷ്യല്‍ മീഡിയ അടക്കമുള്ള എല്ലായിടങ്ങളിലെയും തെളിവുകള്‍ നശിപ്പിച്ച് അവള്‍ക്കു രാജ്യം വിടേണ്ടിവന്നു. ഇപ്പോള്‍ ഫിഫ കണ്ടെത്തിയ ടീമിലും എല്‍ഹയുണ്ട്.

സ്‌പോര്‍ട്‌സ് കിറ്റുകളും ട്രോഫികളുമെല്ലാം കത്തിച്ചുകളായാനായിരുന്നു കുടുംബക്കാര്‍ നല്‍കിയ നിര്‍ദേശം. അവള്‍ ഫുട്‌ബോള്‍ കളിക്കുന്നു എന്നതിന് ഒരു തെളിവും ബാക്കി വയ്ക്കാതെയാണ് ഇംഗ്ലണ്ടിലേക്കു പോയത്. നാലുവര്‍ഷത്തിനുശേഷം അവള്‍ മൈതാനങ്ങളെ ഇളക്കി മറിക്കുന്ന മികച്ച ഗോള്‍ കീപ്പറായി മാറി. ഫിഫ ഒരുക്കിയ ക്യാമ്പില്‍ ഇത്തരത്തില്‍ 23 പേരെയാണു തെരഞ്ഞെടുത്തത്.
അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളെ പ്രതിനിധീകരിക്കാനാണ് ഫുട്‌ബോള്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അവരെ ഞങ്ങള്‍ മറന്നിട്ടില്ലെന്നും ടീം അംഗമായ പ്രതിരോധ നിരയില്‍ കളിക്കുന്ന നജ്മ അരേഫി പറഞ്ഞു. നജ്മയ്ക്കു 18 വയസുള്ളപ്പോള്‍ കാബൂള്‍ വിടേണ്ടിവന്നു.
‘തെരുവിലെ പട്ടിക്കുപോലും അഫ്ഗാനിലെ സ്ത്രീകളേക്കാള്‍ വിലയുണ്ട്. ഇപ്പോഴും അവിടെ കുടുങ്ങിപ്പോയ എന്റെ സുഹൃത്തുക്കളെ ഓര്‍ക്കുമ്പോള്‍ കണ്ണുനിറയും. അവര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ നഷ്ടമായി. അവര്‍ക്കെല്ലാം നഷ്ടമായി’- നജ്മ പറഞ്ഞു.
പുരുഷന്‍മാര്‍ക്ക് അഫ്ഗാനില്‍ കളിക്കാമെങ്കിലും താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ത്രീകളുടെ ഫുട്‌ബോള്‍ നിരോധിച്ചു. നജ്മ അഫ്ഗാനില്‍നിന്ന് നേരേ ഇംഗ്ലണ്ടിലേക്കാണ് അഭയാര്‍ഥിയായി എത്തിയത്. പരിചിതമല്ലാത്ത ഭാഷയും സമൂഹവുമായിരുന്നു അവിടെ. എന്നാല്‍, പയ്യെപ്പയ്യെ ഫുട്‌ബോള്‍ അവള്‍ക്കു കരുത്തു നല്‍കി. ഫുട്‌ബോളാണ് തന്നെ സ്വതന്ത്രയാക്കിയതെന്നും ഞങ്ങള്‍ ഇതുവരെ അനുഭവിച്ച എല്ലാ ദുരിതങ്ങളും മറക്കാന്‍ കളിക്കളമാണ് സഹായിക്കുന്നതെന്നും നജ്മ പറഞ്ഞു.






