‘വിജയ്നെക്കുറിച്ച് മിണ്ടരുത്’; നേതാക്കള്‍ക്ക് വിലക്കുമായി ഡിഎംകെ, സ്ഥിരീകരിച്ച് നേതൃത്വം

ചെന്നൈ: തമിഴക വെട്രി കഴകം നേതാവ് വിജയ്നെക്കുറിച്ച് മിണ്ടരുതെന്ന് നേതാക്കളോട് ഡിഎംകെ. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ്, ടിവികെയെയും വിജയിനെക്കുറിച്ചും സംസാരിക്കുന്നതില്‍ നിന്ന് ഡിഎംകെ നേതൃത്വം വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത്തരമൊരു വിലക്കുള്ളതായി തമിഴ്നാട് ടെക്സ്റ്റൈല്‍സ് മന്ത്രി ആര്‍ ഗാന്ധി സ്ഥിരീകരിച്ചു.
ഈ മാസം 20, 21 തീയതികളിലായി ചേര്‍ന്ന ഡിഎംകെ ജില്ലാ നേതൃയോഗങ്ങള്‍ക്ക് മുന്നോടിയായാണ് പാര്‍ട്ടി ഭാരവാഹികള്‍ക്ക് വാട്സ് ആപ്പിലൂടെ വിലക്ക് സന്ദേശങ്ങള്‍ നല്‍കിയത്. യോഗങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍, തമിഴ്നാട് തല കുനിക്കാന്‍ ഞാന്‍ അനുവദിക്കില്ല എന്ന പ്രതിജ്ഞയും എടുത്തു. കാഞ്ചീപുരം സൗത്ത് ജില്ലാ യോഗത്തിലാണ് ടിവികെയെക്കുറിച്ച് പറയുന്നതില്‍ വിലക്കുണ്ടെന്ന് മന്ത്രി ഗാന്ധി വ്യക്തമാക്കിയത്.
അവര്‍ (ടിവികെ ) നമ്മളെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ നമുക്ക് പ്രതികരിക്കാന്‍ വിലക്കുണ്ട്. മന്ത്രി ഗാന്ധി പറഞ്ഞു. തിരുവാരൂരില്‍ നടന്ന യോഗത്തില്‍ ഡിഎംകെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എന്‍ നെഹ്റുവും വിലക്കിന്റെ കാര്യം സൂചിപ്പിച്ചു. വിജയുടെ റാലികളിലെ ജനക്കൂട്ടത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെ വലിയ തോതില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് പാര്‍ട്ടി പൊതുസമ്മേളനങ്ങളില്‍ പങ്കെടുപ്പിച്ചിരുന്നത്. പങ്കെടുത്ത് പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നന്ദി പറഞ്ഞു.
‘സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും കേന്ദ്രം ഉണ്ടാക്കിയ പ്രശ്‌നങ്ങളെക്കുറിച്ചും ജനങ്ങളോട് വിശദീകരിക്കുന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. മറ്റ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധ മാറാനിടയാക്കും. അതിനാല്‍ ആ വിഷയത്തില്‍ തന്നെ ഉറച്ചു നില്‍ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ‘. തമിഴക വെട്രി കഴകത്തെക്കുറിച്ചുള്ള പ്രസ്താവന വിലക്കിനെക്കുറിച്ച് ഡിഎംകെ സംഘടനാ സെക്രട്ടറി ആര്‍ എസ് ഭാരതി വിശദീകരിച്ചു.






