പുതിയ ജിഎസ്ടി 2.0 വന്‍നേട്ടമാകുമെന്ന് വിലയിരുത്തല്‍ ; നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ അമുല്‍, മദര്‍ ഡയറി ഉല്‍പ്പന്നങ്ങളായ പാല്‍, വെണ്ണ, നെയ്യ്, പനീര്‍, ചീസ് എന്നിവയുടെ വില കുറച്ചു

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ പുതിയ ജിഎസ്ടി നയം വന്നത് അനേകം സാധനങ്ങളുടെ വില കുറയാന്‍ കാരണമാകും. പ്രധാനമായും പാലും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കുമാണ് ഇതിന്റെ ഏറ്റവും വലിയ ഗുണമുണ്ടാകുക.
സെപ്റ്റംബര്‍ 3-ന് നടന്ന 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലെ തീരുമാനപ്രകാരം, പാല്‍, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) സെപ്റ്റംബര്‍ 22 മുതല്‍ കുറഞ്ഞിരിക്കെ അതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കി മദര്‍ ഡയറിയും അമുലും. യുഎച്ച്ടി പാല്‍, പനീര്‍, നെയ്യ്, വെണ്ണ, ചീസ്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില കുറച്ചതായി പ്രഖ്യാപിച്ചു.
പാക്കേജുചെയ്ത പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ജിഎസ്ടി ഒഴിവാക്കാനും കുറക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കം രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കാന്‍ വേണ്ടിയാണ്. കുറച്ച ജിഎസ്ടിയുടെ ആനുകൂല്യം നേരിട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് ബ്രാന്‍ഡുകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
അമുല്‍ ബ്രാന്‍ഡിന് കീഴില്‍ പാലുല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ജിസിഎംഎംഎഫ് (GCMMF), ജിഎസ്ടി നിരക്ക് കുറച്ചതിന്റെ മുഴുവന്‍ ആനുകൂല്യവും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചതായി ശനിയാഴ്ച പ്രഖ്യാപിച്ചു. അതനുസരിച്ച് നെയ്യ്, വെണ്ണ, ഐസ്‌ക്രീം, ബേക്കറി, ഫ്രോസണ്‍ സ്‌നാക്‌സ് എന്നിവയുള്‍പ്പെടെ 700-ലധികം ഉല്‍പ്പന്നങ്ങളുടെ വില കുറച്ചതായി പ്രഖ്യാപിച്ചു.
പുതിയ വിലകള്‍ 2025 സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. പ്രസ്താവനയില്‍, ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) 700-ലധികം ഉല്‍പ്പന്ന പാക്കുകളുടെ പുതുക്കിയ വിലവിവരപ്പട്ടിക പ്രഖ്യാപിച്ചു.






