അസമീസ് ഗായകന് സുബിന് ഗാര്ഗിന് ആരാധകര്‍ നല്‍കിയത് എന്നും ഓര്‍മ്മിക്കുന്ന അന്ത്യയാത്ര: അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ജനക്കൂട്ടം ; ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി

ഗുവാഹത്തി : അസമിലെ ഏറ്റവും പ്രിയപ്പെട്ട സാംസ്കാരിക നായകനായിരുന്ന സുബിന് ഗാര്‍ഗിന്റെ വിയോഗം രാജ്യത്തിന് കഴിഞ്ഞ ദശാബ്ദങ്ങളില്‍ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ അന്ത്യയാത്രകളില്‍ ഒന്നായി ലോകറെക്കോഡിലേക്ക്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ജനക്കൂട്ടം ഇപ്പോള്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ്.
സെപ്തംബര്‍ 19-ന് സിംഗപ്പൂരില്‍ സ്കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തില്‍ അപ്രതീക്ഷിതമായി മരണപ്പെട്ട 52 വയസ്സുകാരനായ ഗായകന് വിട പറയാന്‍ സെപ്റ്റംബര്‍ 21-ന് ലക്ഷക്കണക്കിന് ആരാധകരാണ് ഗുവാഹത്തിയിലെ തെരുവുകളിലേക്ക് ഒഴുകിയെത്തിയത്. നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോഴാണ് വിദേശത്ത് അത്യാഹിതമുണ്ടായത്.
ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അനുസരിച്ച്, ലോകത്ത് ഒരു മൃതദേഹ ഘോഷയാത്രയില്‍ പങ്കെടുത്ത ഏറ്റവും വലിയ നാലാമത്തെ ജനക്കൂട്ടമായി ഗാര്‍ഗിന്റെ അന്ത്യയാത്രയെ അംഗീകരിച്ചു. മൈക്കിള്‍ ജാക്സണ്, പോപ്പ് ഫ്രാന്‍സിസ്, പ്രിന്‍സസ് ഡയാന, ക്വീന്‍ എലിസബത്ത് കക എന്നിവരുടെ അന്ത്യയാത്രകള്‍ക്ക് തുല്യമായി ഇപ്പോള്‍ ഇത് കണക്കാക്കപ്പെടുന്നു.
മണിക്കൂറുകളോളം ഗുവാഹത്തിയിലെ സാധാരണ ജീവിതം പൂര്‍ണ്ണമായും നിശ്ചലമായി. റോഡുകള്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി, സര്‍ക്കാര്‍ ഓഫീസുകള്‍ വിജനമായി, നഗരം ഒരു നിശ്ശബ്ദതയില്‍ അമര്‍ന്നു. ആരാധകര്‍ മണിക്കൂറുകളോളം വരി നിന്ന് പൂക്കളര്‍പ്പിക്കുകയും, മെഴുകുതിരികള്‍ കത്തിക്കുകയും, അദ്ദേഹത്തിന്റെ പാട്ടുകള്‍ മൂളുകയും ചെയ്തു. ഓരോ ആംഗ്യവും അസമിലും അതിനപ്പുറവും ആളുകള്‍ക്ക് ഉണ്ടായ വലിയ നഷ്ടം വ്യക്തമാക്കുന്നു.
‘കിംഗ് ഓഫ് ഹമ്മിംഗ്’ എന്ന് വിളിപ്പേരുള്ള ഗാര്‍ഗ് ഒരു പിന്നണി ഗായകന് മാത്രമായിരുന്നില്ല. അസമീസ് സംഗീതത്തെ ദേശീയ വേദിയിലെത്തിച്ച ഒരു സാംസ്കാരിക നവോത്ഥാനത്തിന് അദ്ദേഹം കാരണമായി. 2006-ല്‍ ഇറങ്ങിയ ‘ഗ്യാങ്സ്റ്റര്‍’ എന്ന ഹിന്ദി ചിത്രത്തിലെ ‘യാ അലി’ എന്ന ഗാനം അദ്ദേഹത്തെ ഇന്ത്യയൊട്ടാകെ പ്രശസ്തനാക്കി.






