ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി വിതരണക്കാര്‍ ; 158 കോടി രൂപ നല്‍കിയില്ലെങ്കില്‍ വിതരണം ചെയ്ത സ്‌റ്റോക്ക് തിരിച്ചെടുക്കുമെന്ന് സര്‍ക്കാരിന് കത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ പ്രതിസന്ധിയിലാക്കി ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി വിതരണക്കാര്‍. സര്‍ക്കാര്‍ നല്‍കാനുള്ള 158 കോടി രൂപ നല്‍കിയില്ലെങ്കില്‍ വിതരണം ചെയ്ത സ്‌റ്റോക്ക് തിരിച്ചെടു ക്കുമെന്ന് കടുത്ത നിലപാട് എടുത്തു. ഇക്കാര്യത്തില്‍ പ്രത്യേകം കത്തു നല്‍കിയിരി ക്കുകയാണ്.
മാര്‍ച്ച് 31 വരെയുള്ള എല്ലാ തുകയും അടച്ച് തീര്‍ക്കണമെന്നാണ് വിതരണക്കാര്‍ പറയുന്നത്. ഒക്ടോബര്‍ അഞ്ച് വരെ കാത്തിരിക്കുമെന്നും എന്നിട്ടും കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ നിലവില്‍ നല്‍കിയ സ്റ്റോക്ക് തിരിച്ചെടുക്കുമെന്നും കത്തില്‍ പറയുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വകുപ്പിലേയും യൂറോളജി വകുപ്പിലേയും ശസ്ത്രക്രിയകള്‍ മുടങ്ങും എന്ന രൂക്ഷമായ അവസ്ഥയിലെത്തിയപ്പോഴാണ് കുടിശ്ശിക തീരുന്നതിന് മുന്‍പ് തന്നെ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്.
കുടിശ്ശിക അടച്ച് തീര്‍ക്കാത്തതിനാല്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ മെഡിക്കല്‍ കോളജുക ളിലേക്കുള്ള ഉപകരണ വിതരണം വിതരണക്കാര്‍ നിര്‍ത്തി വച്ചിരിക്കുകയാ യിരുന്നു. കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികളും വിതരണക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇത് ഫലം കാണാതെ വന്നപ്പോഴാണ് വിതരണക്കാര്‍ കടുത്ത നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. ആകെ ലഭിക്കാനുള്ള കുടിശ്ശിക പരിഗണിക്കുമ്പോള്‍ നാളിതുവരെ സര്‍ക്കാരില്‍ നിന്ന് ലഭിച്ചത് തുച്ഛമായ പണം മാത്രമെന്ന് വിതരണക്കാര്‍ അയച്ച കത്തില്‍ പറയുന്നു. വിഷയം സൂചിപ്പിച്ച് ഓഗസ്റ്റ് 29നും കത്ത് നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.






