Breaking NewsLead NewsNEWSWorld

സ്വന്തം ജനതയ്ക്കു നേരെ ബോംബിട്ട് പാക്കിസ്ഥാന്‍; വ്യോമാക്രമണത്തില്‍ മരിച്ചത് 30 പേര്‍, കൊല്ലപ്പെട്ടവരില്‍ കുട്ടികളും!

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ പാക്കിസ്ഥാന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം. തിറ താഴ്വരയിലുള്ള മത്രെ ദാര ഗ്രാമത്തില്‍ പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ എട്ട് എല്‍എസ്-6 ബോംബുകള്‍ വര്‍ഷിക്കുകയും ഇത് കൂട്ടക്കൊലയ്ക്ക് വഴിവയ്ക്കുകയുമായിരുന്നു. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റുവെന്ന് പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടികളടക്കം നിരവധി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കടിയില്‍ മൃതദേഹങ്ങള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നത് തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ബോംബ് സ്ഫോടനങ്ങളില്‍ ഗ്രാമത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും നശിച്ചു. താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ വ്യോമസേന ബോംബിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്.

Signature-ad

ഭീകരര്‍ക്കെതിരെയെന്ന പേരില്‍ മുന്‍പും ഖൈബര്‍ പഖ്തൂന്‍ഖ്വയില്‍ പാക്കിസ്ഥാന്‍ സൈന്യം ബോംബാക്രമണം നടത്തുകയും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യവും ജൂണിലും ഖൈബര്‍ പഖ്തൂന്‍ഖ്വയില്‍ ആവര്‍ത്തിച്ചുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. പാക്കിസ്ഥാനിലെ സിവിലിയന്‍ ജീവിതത്തോടുള്ള ഭയാനകമായ അവഗണനയുടെ സൂചനയാണ് ഖൈബര്‍ പഖ്തൂന്‍ഖ്വയിലെ ആക്രമണങ്ങളെന്ന് ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ ആരോപിച്ചിരുന്നു.

Back to top button
error: