ട്രെയിന്‍ യാത്രയ്ക്കിടെ ടിക്കറ്റ് പരിശോധനയ്ക്ക് എത്തി; പിന്നാലെ ടിടിഇയുടെ ഇന്‍സ്റ്റഗ്രാം റിക്വസ്റ്റ്; റിസര്‍വേഷന്‍ ചാര്‍ട്ടില്‍നിന്ന് വ്യക്തി വിവരങ്ങള്‍ എടുത്തു; യുവതിയുടെ കുറിപ്പ് വൈറല്‍

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയിലെ സ്ത്രീകളുടെ സുരക്ഷിതത്വം ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ ടിടിഇയുടെ ഇടപെടയിനെതിരേ യുവതി. വനിതാ റിസര്‍വേഷനുകളുളള കംപാര്‍ട്ട്മെന്റുകള്‍, സിസിടിവി നിരീക്ഷണം, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ (ആര്‍പിഎഫ്) നിരീക്ഷണം, ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ തുടങ്ങി ഒട്ടനവധി സേവനങ്ങളും റെയില്‍വേ ഒരുക്കിയിട്ടുണ്ട്. അപ്പോഴും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു വ്യക്തമാകുന്ന ഒരു അനുഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ട്രെയിന്‍ യാത്രക്കിടെ ഉണ്ടായ ദുരനുഭവം ഒരു യുവതി റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. യാത്രക്കിടെ തന്റെ ടിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥനെക്കുറിച്ചാണ് കുറിപ്പ്. ടിക്കറ്റ് പരിശോധന കഴിഞ്ഞ് അല്‍പസമയം കഴിഞ്ഞ് താന്‍ മൊബൈല്‍ നോക്കിയപ്പോള്‍ ഞെട്ടിപ്പോയെന്നാണ് യുവതി പറയുന്നത്. അതേ ഉദ്യോഗസ്ഥന്‍ യുവതിക്ക് ഇന്‍സ്റ്റഗ്രാമില്‍ റിക്വസ്റ്റ് അയച്ചിരിക്കുന്നു.
റിസര്‍വേഷന്‍ ചാര്‍ട്ടില്‍ നിന്നാണ് ഉദ്യോഗസ്ഥന് തന്റെ പേരും മറ്റു വിവരങ്ങളും ലഭിച്ചത്. യാത്രക്കാര്‍ ടിക്കറ്റെടുക്കുമ്പോള്‍ നല്‍കുന്ന സ്വകാര്യ വിവരങ്ങള്‍ ഇങ്ങനെയും ഉപയോഗിക്കാനാകുമോ? എന്നാണ് യുവതി പോസ്റ്റിലൂടെ ചോദിക്കുന്നത്. യുവതിയുടെ കുറിപ്പ് വൈറലായതോടെ പലരും ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട ആകുലതകള്‍ പങ്കുവയ്ക്കാന്‍ ആരംഭിച്ചു. പരാതി നല്‍കണമെന്നും ടിക്കറ്റ് പരിശോധനയ്ക്ക് എത്തുന്നവരുമായി ഇടപെഴകുമ്പോള്‍ ജാഗ്രത വേണമെന്നും പലരും പറയുന്നു.
അതേസമയം തന്നെ ടിടിഇമാരില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളും ചിലര്‍ പങ്കുവച്ചു. ഒരു ടിടിഇ ടിക്കറ്റ് പരിശോധിച്ചതിനു പിന്നാലെ തന്റെ കൂടെ വരാന്‍ ആവശ്യപ്പെട്ടെന്നും നമ്പര്‍ നല്‍കാനും സൗഹൃദത്തിലാകാനും പ്രേരിപ്പിച്ചെന്നും ഒരു യുവതി പറയുന്നു.






