Breaking NewsCrimeLead NewsNEWS

‘നമ്മുടെ ആള്‍ക്കാരെ സഹായിച്ചു; പല അവധി പറഞ്ഞ് പണം തിരിച്ചടച്ചില്ല; ഞാനോ സംഘത്തിലെ ഭരണസമിതിയോ ക്രമക്കേട് കാട്ടിയിട്ടില്ല’: ആത്മഹത്യയുടെ വക്കിലെന്ന് ഒരാഴ്ച മുമ്പേ തിരുമല അനില്‍ പറഞ്ഞിരുന്നതായി കുറിപ്പ് ശരിവച്ച് മൊഴികള്‍; കൗണ്‍സിലറുടെ മരണത്തില്‍ പോലീസ് ഭീഷണിയെന്ന ദുര്‍ബലപ്രതിരോധവുമായി ബി.ജെ.പി

തിരുവനന്തപുരം: താന്‍ ആത്മഹത്യയുടെ വക്കിലെന്ന് ഒരാഴ്ച മുമ്പേ ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ പറഞ്ഞിരുന്നതായി സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും പൊലീസിന് മൊഴി നല്‍കി. കടുത്ത സാമ്പത്തിക ബാധ്യതയാണ് അനിലിന്റെ മേല്‍ വന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തതിന് പിന്നാലെയാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്. വിഷാദത്തിലായിരുന്നു അനിലെന്നും, ചില സന്ദര്‍ഭങ്ങളില്‍ ആത്മഹത്യയെക്കുറിച്ച് സൂചിപ്പിച്ചിരുന്നതായും അടുത്ത വൃത്തങ്ങള്‍ പോലീസിന് മൊഴി നല്‍കി.

വലിയശാല ഫാം സൊസൈറ്റിയുടെ ഭാരവാഹിയായിരുന്ന അനിലിന് കോടികളുടെ ബാധ്യതയുണ്ടായിരുന്നുവെന്ന് ലഭ്യമായ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ബാങ്ക് നിക്ഷേപകര്‍ക്ക് നല്‍കാനുണ്ടായിരുന്ന ആറ് കോടി രൂപയുടെ ബാധ്യതയെക്കുറിച്ചും, 11 കോടി രൂപ വായ്പയെടുത്തത് തിരിച്ചുകിട്ടാനുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. താനും കുടുംബവും പണം ദുര്‍വിനിയോഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറിപ്പില്‍ എഴുതിയിരുന്നു.

Signature-ad

തന്നെ സഹായിച്ചവരും പാര്‍ട്ടിക്കാര്‍ക്കും പണം നല്‍കിയിട്ടും അവര്‍ തിരിച്ചടയ്ക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കൗണ്‍സിലര്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ‘ഇപ്പോള്‍ ഒരു പ്രതിസന്ധി എല്ലാ സംഘത്തിലും ഉള്ളതുപോലെ ഉണ്ട്. ഇതുവരെയും എഫ്ഡി കൊടുക്കാനുള്ളവര്‍ക്കെല്ലാം കൊടുത്തു. നേരത്തെ പോലെ ചിട്ടിയോ ദിവസവരുമാനമോ ഇപ്പോള്‍ ഇല്ലാതായി. ആയതിനാല്‍ തന്നെ എഫ്ഡി ഇട്ടിട്ടുള്ള ആള്‍ക്കാര്‍ അവരുടെ പണത്തിന് കാലതാമസം വരാതെ ആവശ്യത്തിലധികം സമ്മര്‍ദം തരുന്നു’- ആത്മഹത്യയില്‍ പറയുന്നു.

‘നമുക്ക് തിരിച്ചുപിടിക്കാന്‍ ധാരാളം തുകയുണ്ട്. നമ്മുടെ ആള്‍ക്കാരെ സഹായിച്ചു. മറ്റ് നടപടികള്‍ക്ക് ഒന്നും പോകാതെ പല അവധി പറഞ്ഞ് തിരിച്ചടയയ്ക്കാന്‍ കാതതാമസം ഉണ്ടാക്കി. ഞാനോ ടി സംഘത്തിലെ ഭരണസമിതിയോ യാതൊരു ക്രമക്കേടും സംഘത്തില്‍ ഉണ്ടാക്കിയിട്ടില്ല. അതെല്ലാം അവിടുത്തെ രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകാവുന്നതേ ഉള്ളൂ’- ആത്മഹത്യാക്കുറിപ്പില്‍ വിശദമാക്കുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പാര്‍ട്ടിക്കാരും പണം തിരിച്ചടച്ചില്ലെന്ന കുറിപ്പിലെ പരാമര്‍ശം ബിജെപിയെ പ്രതിരോധത്തിലാക്കും.

വലിയശാല ഫാം ടൂര്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷണ പരിധിയിലാണ്. ആത്മഹത്യാപ്രേരണയുണ്ടായിട്ടുണ്ടെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പ്രതിപ്പട്ടിക തയ്യാറാക്കും.

മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ ആത്മഹത്യാമുനമ്പിലാണെന്ന് സഹപ്രര്‍ത്തകരോട് പറഞ്ഞ അനില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെങ്കിലും അനുകൂല നിലപാടുണ്ടായില്ലെന്ന് സൂചനയുണ്ട്. കൗണ്‍സില്‍ യോഗം സംബന്ധിച്ച കാര്യങ്ങളാണ് സംസാരിച്ചതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിശദീകരണം. കൗണ്‍സിലര്‍മാര്‍, സഹപ്രവര്‍ത്തകര്‍, ജീവനക്കാര്‍ എന്നിവരില്‍നിന്ന് പോലീസ് മൊഴിയെടുപ്പ് ആരംഭിച്ചു.

അതേസമയം, സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച പരാതിയുയര്‍ന്നപ്പോള്‍, എത്രയും വേഗം പണം മടക്കിനല്‍കണമെന്ന് പൊലീസ് അനിലിനെ ഭീഷണിപ്പെടുത്തിയെന്നാണ് ബിജെപി ആരോപണം. പൊലീസ് ഭീഷണി ആരോപിച്ച് തമ്പാനൂര്‍ സ്റ്റേഷനിലേക്ക് ബിജെപി ഇന്ന് പ്രതിഷേധം നടത്തും. എന്നാല്‍ ഭീഷണി ആരോപണം പൊലീസ് തള്ളി. സംഭവത്തില്‍ സൊസൈറ്റിക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യം.

ശനിയാഴ്ച രാവിലെയാണ് തിരുമല അനിലിനെ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി പിന്തുണ നല്‍കിയില്ലെന്ന പരാമര്‍ശവും ആത്മഹത്യാക്കുറിപ്പിലുണ്ട്. ഫാം ടൂര്‍ എന്ന സഹകരണ സംഘത്തിന്റെ പ്രസിഡന്റായി 15 വര്‍ഷത്തിലധികമായി അനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എടുത്ത വായ്പകള്‍ തിരിച്ചുകിട്ടാതായതോടെ സംഘം സാമ്പത്തിക പ്രതിസന്ധിയിലാകുകയായിരുന്നു. നിക്ഷേപകര്‍ പണം ആവശ്യപ്പെട്ട് വന്നതോടെ പ്രതിസന്ധി രൂക്ഷമായി. പൂജപ്പുര പോലീസാണ് കേസ് അ്ന്വേഷിക്കുന്നത്.

 

Back to top button
error: