ആള്‍ത്താമസമില്ലാത്ത വീട്ടില്‍ വെളിച്ചം, ആരോ കയറിയെന്ന് പരിസരവാസികള്‍; മതില് ചാടിക്കടന്നെത്തിയ പോലീസ് കണ്ടത് പിടയ്ക്കുന്ന ശരീരം; ചേര്‍ത്തു പിടിച്ച് ആശുപത്രിയിലെത്തിച്ചു…

കൊച്ചി: ആത്മഹത്യയുടെ വക്കില്‍നിന്ന് പോലീസിന്റെ നിര്‍ണായക ഇടപെടലില്‍ കുടുംബനാഥന് ജീവിതത്തിലേക്ക്. കേരളാ പോലീസ് തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്ന് വെളിച്ചം കണ്ടതിനെത്തുടര്‍ന്ന് സ്റ്റേഷനിലേക്ക് എത്തിയ ഫോണ്‍ കോളാണ് ഒരു ജീവന് രക്ഷപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
അയല്‍ക്കാരാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. ആള്‍ത്താമസമില്ലാത്ത വീട്ടില്‍ വെളിച്ചം കാണുന്നുവെന്ന് പറഞ്ഞായിരുന്നു കോള്‍. നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ വീടിന്റെ മതില് ചാടിക്കടന്ന് അകത്തുകയറിയപ്പോള്‍ കണ്ടത് തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്ന ഒരാളെയാണ്. ഉടന്‍ തന്നെ ഇയാളെ നിലത്തിറക്കി ആശുപത്രിയിലെത്തിച്ചതായി പോലീസ് പറഞ്ഞു.
പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ നിന്നും നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് 112 ല്‍ നിന്നും ഒരു അറിയിപ്പ് കിട്ടി. കൊച്ചുകടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആള്‍താമസമില്ലാത്ത ഒരു വീട്ടില്‍ വെളിച്ചം കാണുന്നെന്നും, അവിടെ ആരോ കയറിയിട്ടുണ്ടെന്നും പരിസരവാസികള്‍ വിളിച്ചു അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം പോയി നോക്കണം എന്നുമായിരുന്നു നിര്‍ദ്ദേശം. അവിടേക്ക് പാഞ്ഞെത്തിയ പട്രോളിംഗ് ടീം പരിസരവാസികളോട് കാര്യം തിരക്കി. അവരില്‍ നിന്നും അവിടെ താമസിച്ചിരുന്നവര്‍ എന്തോ കുടുംബപ്രശ്നങ്ങള്‍ കാരണം അവിടെ വരാറില്ലെന്നതും, എന്നാല്‍ ഇന്ന് വൈകുന്നേരം കുടുംബനാഥനെ പരിസരത്ത് കണ്ടതായും മനസ്സിലാക്കിയ ഉടന്‍ തന്നെ പോലീസ് മതില് ചാടി കടന്നു വീടിനടുത്തെത്തി.
മുന്‍വശം ലോക്ക് ആയിരുന്നെങ്കിലും അടുക്കള വാതില്‍ തുറന്നു കിടന്നിരുന്നു. അകത്ത് കയറിയ പോലീസ് കണ്ടത് ബെഡ്റൂമില്‍ കെട്ടിത്തൂങ്ങിയ നിലയിലുള്ള ഒരാളെയാണ്. അയാള്‍ പിടയ്ക്കുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അയാളെ താങ്ങി പിടിച്ച് കെട്ടിത്തൂങ്ങിയിരുന്ന തുണി അറുത്ത് പോലീസ് ജീപ്പില്‍ തന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആ സമയത്ത് അവിടെ ഐ സി യു ഒഴിവില്ലാത്തതിനാല്‍ പ്രഥമശുശ്രൂഷ നല്കിയ ശേഷം അയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
കെട്ടിത്തൂങ്ങിയതിനാല്‍ കഴുത്തില്‍ പ്രശ്നമുണ്ടാകാതിരിക്കാന്‍ ഫിലാഡല്‍ഫിയ കോളര്‍ വേണമെന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ചു പോലീസ് ഫിലാഡല്‍ഫിയ കോളര്‍ തിരക്കി നഗരത്തില്‍ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പുകളില്‍ കയറിയിറങ്ങിയി. ഒടുവില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ പിആര്‍ ഒയെ കണ്ട് അവിടെ നിന്നും കോളര്‍ വാങ്ങി ഉടനെ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടയ്ക്ക് പോലീസ് അയാളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ബന്ധുക്കളെത്തുന്ന വരെ പോലീസ് സംഘം അവിടെ തുടര്‍ന്നു. ആത്മാര്‍ഥമായി കര്‍ത്തവ്യ നിര്‍വഹണം നടത്തിയ സബ് ഇന്‍സ്പെക്ടര്‍ ജയരാജ് പി ജി, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിതീഷ്, സുധീഷ് എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍.






