ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍: അടിയന്തര ലാന്‍ഡിങ്, നാടകീയ സംഭവങ്ങള്‍ ബ്രിട്ടനിലെ സന്ദര്‍ശനത്തിനിടെ

ലണ്ടന്‍: ബ്രിട്ടനിലെ ഔദ്യോഗിക സന്ദര്‍ശനത്തനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍. ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി സ്റ്റാന്‍ഡ് ബൈ ഹെലികോപ്റ്ററില്‍ യാത്ര തുടര്‍ന്ന് പ്രസിഡന്റും ഭാര്യയും. ഇന്നലെ വൈകുന്നേരം ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ കണ്ട്രിസൈഡ് വസതിയായ ചെക്കേഴ്സില്‍ നിന്ന് ലണ്ടന്‍ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയായിരുന്നു അത്യന്തം നാടകീയവും ആശങ്കാജനകവുമായ ഈ സംഭവം.
‘ഹൈഡ്രോളിക് പ്രശ്നം’ കാരണമാണ് ഡോണള്‍ഡ് ട്രംപിന്റെ മറൈന്‍ വണ്‍ ഹെലികോപ്റ്റര്‍ അടിയന്തരമായി ലാന്‍ഡിങ് ചെയ്യേണ്ടി വന്നതെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിന് ലിവൈറ്റിന്റെ ഔദ്യോഗിക വിശദീകരണം. ഇത് ഒരു കരുതല്‍ നടപടി മാത്രമാണെന്നും വിശദീകരണമുണ്ട്, എന്നാല്‍ മുമ്പൊരിക്കലും ഉണ്ടാകാത്ത ഈ നടപടിയെ അത്ര നിസാരമായി കാണാന്‍ കഴിയില്ല.
സ്റ്റാന്‍സ്റ്റഡ് എയര്‍പോര്‍ട്ടില്‍ എത്തുന്നതിന് 20 മിനിറ്റ് മുമ്പായിരുന്നു മറ്റൊരു ലോക്കല്‍ എയര്‍ഫീല്‍ഡിലേക്ക് ഹെലികോപ്റ്റര്‍ തിരിച്ചു വിട്ടത്. ഇവിടെവച്ച് മറൈന്‍ വണ്‍ ഹെലികോപ്റ്ററില്‍ നിന്നും മറൈന്‍ ടു ഹെലികോപ്റ്ററിലേക്ക് മാറിക്കയറി പ്രസിഡന്റും ഭാര്യയും യാത്ര തുടര്‍ന്നു.
മെക്കാനിക്കല്‍ തകരാറുകള്‍ മുതല്‍ മെഡിക്കല്‍ അത്യാഹിതങ്ങള്‍ വരെയുള്ള വിവിധ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും മറൈന്‍ വണ്ണില്‍ സജ്ജീകരിച്ചിരിക്കുന്നു. പൈലറ്റുമാര്‍ ഈ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്യമായ തടസ്സങ്ങളില്ലാതെയാണ് സംഭവത്തിനുശേഷം ട്രംപും പ്രഥമ വനിതയും ഒടുവില്‍ എയര്‍ഫോഴ്സ് രണ്ട് ഹെലികോപ്റ്ററില്‍ കയറി, അവരുടെ സന്ദര്‍ശനം ഷെഡ്യൂള്‍ പ്രകാരം പൂര്‍ത്തിയാക്കിയത്.
മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, റഡാര്‍ ജാമറുകള്‍, ന്യൂക്ലിയാര്‍ ആക്രമണങ്ങള്‍ തിരിച്ചറിയാനുള്ള ഇലക്ട്രോ മാഗ്നറ്റിക് പള്‍സ് തുടങ്ങിയവ ഘടിപ്പിച്ച അത്യാധുനിക ഹെലികോപ്റ്ററാണ് മറൈന്‍ വണ്ണും മറൈന്‍ ടുവും. സുരക്ഷ നടപടികളുടെ ഭാഗമായി സമാനമായ നിരവധി ഹെലികോപ്റ്ററുകളൊടൊപ്പം സഞ്ചരിക്കുന്ന ഇവയില്‍ ഏതിലാണ് പ്രസിഡന്റ് എന്നത് കണ്ടെത്തുക അത്ര എളുപ്പമല്ല.






