Breaking NewsCrimeLead NewsNEWS

ഒപ്പം താമസിച്ചയാളുമായി കലഹം, കത്തിക്കുത്ത്; കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ ടെക്കി പോലീസിന്റെ വെടിയേറ്റ് മരിച്ചു

വാഷിങ്ടന്‍: കൂടെ താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യക്കാരനെ പൊലീസ് വെടിവച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെയാണ് (32) യുഎസ് പൊലീസ് വെടിവച്ചത്. സെപ്റ്റംബര്‍ മൂന്നിനാണ് നിസാമുദ്ദീനെ പൊലീസ് വെടിവയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലുള്ള സുഹൃത്ത് നിസാമുദ്ദീന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചത്.

സാന്താക്ലാരയിലെ താമസസ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒപ്പം താമസിക്കുന്ന ആള്‍ക്ക് ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് മുഹമ്മദ് നിസാമുദ്ദീനെ വെടിവച്ചെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. നാലു തവണ പൊലീസ് നിസാമുദ്ദീനെ വെടിവച്ചു.

Signature-ad

പ്രതിയെ പൊലീസ് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു. പരുക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ ചികിത്സയിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയുമെന്നും പൊലീസ് അറിയിച്ചു. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീന്‍ കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. വംശീയപരമായ ഉപദ്രവങ്ങള്‍, ജോലിയില്‍ നിന്ന് അന്യായമായി പിരിച്ചുവിടല്‍ എന്നിവയെക്കുറിച്ച് നിസാമുദ്ദീന്‍ പരാതിപ്പെട്ടിരുന്നതായി കുടുംബം പറഞ്ഞു. സാന്താക്ലാരയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം കുടുംബം അഭ്യര്‍ഥിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: