നീരജ്‌ചോപ്രയുടെ പുറത്താകല്‍ കായികവേദിയെത്തന്നെ ഞെട്ടിച്ചു ; നാലുവര്‍ഷത്തെ മികച്ച പ്രകടനങ്ങള്‍ക്ക് അവസാനം ; ഏഴു വര്‍ഷത്തിനിടയില്‍ മെഡല്‍ ഇല്ലാതെ നീരജ് മടങ്ങുന്നത് ആദ്യം

ടോക്കിയോ: ലോക ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ നീരജ് ചോപ്ര പുറത്തായതോടെ ഇന്ത്യന്‍ ആരാധകര്‍ മാത്രമല്ല കായികലോകവും ഞെട്ടി. ഏഴു വര്‍ഷത്തിനിടയില്‍ ഇതാദ്യമാ യിട്ടാണ് നീരജ് മെഡല്‍ ഇല്ലാതെ മടങ്ങുന്നത്. കഴിഞ്ഞ രണ്ടു തവണയും ലോകചാംപ്യന്‍ഷിപ്പ് വേദിയില്‍ തുടര്‍ച്ചയായി കിരീടമണിഞ്ഞ നീരജിന് പക്ഷേ ഇത്തവണ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.
നാല് വര്‍ഷം മുന്‍പ് തന്റെ ചരിത്രപരമായ ഒളിമ്പിക് സ്വര്‍ണം നേടിയ അതേ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് നീരജ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നാലാമ ത്തെ ശ്രമം ഫൗളായിപോയി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഒരു അന്താരാഷ്ട്ര മത്സരത്തില്‍ മെഡല്‍ നേടാന്‍ കഴിയാതെ വരുന്നത് ഇത് ആദ്യമായാണ്. പ്രധാനപ്പെട്ട എല്ലാ മത്സരങ്ങളിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരുന്ന അദ്ദേഹത്തിന്റെ നാല് വര്‍ഷത്തെ മികച്ച പ്രകടനത്തിനും ഇതോടെ അവസാനമായി.
ടോക്കിയോയിലേക്ക് പോകുന്നതിന് രണ്ട് ദിവസം മുന്‍പ് ചെക്ക് റിപ്പബ്ലിക്കില്‍ പരിശീലന ത്തിനിടെ തനിക്ക് പുറംവേദനയുണ്ടായെന്ന് നീരജ് വെളിപ്പെടുത്തി. ടോക്കിയോയിലെ ഈ തോല്‍വി നീരജിന്റെ തിളക്കമാര്‍ന്ന കരിയറിലെ ഒരു അപൂര്‍വ്വ തിരിച്ചടിയാണ്.
അതേസമയം, ഉത്തര്‍പ്രദേശില്‍ നിന്നുള്ള 25-കാരനായ സച്ചിന്‍ യാദവ് ഈ വേദിയില്‍ തന്റെ സാന്നിധ്യം അറിയിച്ചു. ഫൈനലില്‍ നാലാം സ്ഥാനത്തെത്തിയ സച്ചിന്‍ തന്റെ കരിയറിലെ മികച്ച പ്രകടനമായ 86.27 മീറ്റര്‍ എറിഞ്ഞു. 40 സെന്റീമീറ്റര്‍ വ്യത്യാസത്തിലാണ് സച്ചിന് മെഡല്‍ നഷ്ടമായത്. സച്ചിന്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിയത്.






