ആഗോള അയ്യപ്പ സംഗമം: സര്‍ക്കാരിനെതിരേ അതൃപ്തി പരസ്യമാക്കി പന്തളം കൊട്ടാരം, പ്രതിനിധികള്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല. കൊട്ടാര കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തുടര്‍ന്നുള്ള അശുദ്ധി നിലനില്‍ക്കുന്നുവെന്ന് വിശദീകരണം. എന്നാല്‍, ഇക്കാര്യം അറിയിച്ചുകൊണ്ട് കൊട്ടാരം നിര്‍വാഹകസംഘം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടുകളുമായി ബന്ധപ്പെട്ട് കടുത്ത വിയോജിപ്പും എതിര്‍പ്പും പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം പ്രതിനിധികള്‍ ക്ഷണിക്കാനെത്തിയ വേളയില്‍ തന്നെ കൊട്ടാരം നിര്‍വാഹക സംഘം തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. രണ്ട് വിഷയങ്ങളാണ് പ്രധാനമായും ഇവര്‍ ചൂണ്ടിക്കാണിച്ചത്. 2018-ല്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിപൂര്‍ണമായി പിന്‍വലിക്കുക, യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തി സത്യവാങ്മൂലം നല്‍കണം എന്നായിരുന്നു ആവശ്യം. എന്നാല്‍, സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്നോട്ട് പോകുന്നില്ല എന്ന് വാര്‍ത്തകളിലൂടെ അറിയാന്‍ സാധിച്ചുവെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റെയും നിലപാടിനോട് കടുത്ത പ്രതിഷേധവും ഭക്തര്‍ എന്ന നിലയില്‍ വേദനയ്ക്കിടയാക്കുന്നതുമാണെന്ന് കുറിപ്പില്‍ പറഞ്ഞു.
ഇതുകൂടാതെ കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തുടര്‍ന്ന് അശുദ്ധി നിലനില്‍ക്കുന്നതിനാല്‍ അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.






