നായ്പ്പേടിയില്‍ വലയുന്ന നാട്ടിലേക്ക് ‘പാഴ്‌സലായി’ നായ്ക്കൂട്ടം! ലോറിയില്‍ എത്തിച്ച് തെരുവില്‍ തള്ളി

ആലപ്പുഴ: നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ നൂറുകണക്കിന് തെരുവുനായ്ക്കളെ കൊണ്ടുവന്ന് ചുനക്കര, തഴക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ഇറക്കിവിട്ടതായി സൂചന. കൊല്ലം-തേനി ദേശീയപാതയിലെ ചുനക്കര തെരുവില്‍മുക്ക്, ദേശീയപാതയില്‍ നിന്നും കോമല്ലൂരിലേക്കുള്ള പ്രദേശം, തഴക്കര എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി തെരുവുനായ്ക്കളെ കൂട്ടത്തോടെ ഇറക്കിവിട്ടത്. ഇരുചക്രവാഹന യാത്രക്കാകര്‍ക്കും കുട്ടികള്‍ക്കും കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.
വടക്കന്‍ ജില്ലകളിലെ പഞ്ചായത്ത് പ്രദേശങ്ങളില്‍ നിന്നു പിടിക്കുന്ന തെരുവുനായ്ക്കളെയാണ് പടുത ഉപയോഗിച്ച് മൂടിക്കെട്ടിയ ലോറികളില്‍ കൊണ്ടുവന്ന് ഇറക്കി വിട്ടതെന്നാണു സൂചന. ചുനക്കര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇറക്കിവിട്ട തെരുവുനായ്ക്കള്‍ കൂട്ടമായി വീടുകളിലേക്ക് കയറി ചെല്ലുന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. രണ്ടാഴ്ച മുന്‍പ് നൂറനാട് പ്രദേശത്തും തെരുവുനായ്ക്കളെ രാത്രിയില്‍ ലോറിയില്‍ കൊണ്ടുവന്ന് ഇറക്കിയെന്നും നാട്ടുകാര്‍ ഇടപെട്ടതോടെ ഇവയെ തിരിച്ച് വിട്ടെന്നും പറയുന്നു.
രണ്ട് മാസം മുന്‍പ് ചാരുംമൂട് ജംക്ഷനും സമീപവും നൂറോളം നായ്ക്കളെ കൊണ്ടുവന്ന് ഇറക്കിവിട്ടിരുന്നു. ഇവയില്‍ വളര്‍ത്തുനായ്ക്കളും ഉണ്ടായിരുന്നു. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പഞ്ചായത്തും പൊലീസും മുന്‍കൈയെടുത്ത് നായ്ക്കളെ കൊണ്ടുവരുന്ന വാഹനം കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






