കരയിലൂടെയും ആക്രമിച്ച് ഇസ്രായേല്‍ ; ഗാസ നഗരത്തില്‍ നിന്നും പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു ; മനുഷ്യവിസര്‍ജ്ജ്യത്തിന് നടുക്ക് ടെന്റ് കെട്ടി താമസിക്കേണ്ട സ്ഥിതിയില്‍ നാട്ടുകാര്‍

ജറുസലേം: ഇസ്രായേല്‍ കരയിലൂടെയും ആക്രമണം തുടര്‍ന്നതോടെ ഗാസയില്‍ നിന്നും പതിനായിരങ്ങള്‍ പാലായനം ചെയ്യുന്നു. ഈ തവണ, ഇസ്രായേല്‍ നഗരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് ആയിരക്കണക്കിന് ആളുകളാണ് പ്രദേശം വിട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. പ്രദേശത്ത് കടുത്ത ക്ഷാമമാണ് നേരിടുന്നതെന്നാണ് വിവരം.
ആയിരക്കണക്കിന് പലസ്തീനികള്‍ തങ്ങളുടെ കിടക്കകളും മറ്റു സാധനങ്ങളും വാഹനങ്ങളില്‍ കെട്ടിവെച്ച് പലായനം ചെയ്യുകയാണ്. ഗാസ സിറ്റിയിലെ പല കുടുംബങ്ങളും പട്ടിണിയിലാണ്. ഭക്ഷ്യസാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതും വ്യാപകമാണ്. പാലായനം ചെയ്യുന്നവര്‍ക്ക് ട്രക്കുകളും വന്‍തുക ഈടാക്കുന്നു. 1000 ഡോളറുകള്‍ വരെ ചോദിക്കുന്നതായി വിവരമുണ്ട്. പലരും വസ്ത്രങ്ങള്‍ മാത്രമെടുത്താണ് പോകുന്നത്. ഇവര്‍ ഗാസ സിറ്റിയുടെ പടിഞ്ഞാറ് ഭാഗത്ത് കൂടാരങ്ങള്‍ കെട്ടി താമസിക്കുന്നു. പോകാന്‍ വേറെ സ്ഥലമില്ലാത്തതിനാല്‍ അവര്‍ മനുഷ്യ വിസര്‍ജ്യങ്ങള്‍ക്കിടയിലാണ് ഉറങ്ങുന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
മുമ്പ് ഏകദേശം 10 ലക്ഷം പലസ്തീനികള്‍ ഗാസ സിറ്റിയില്‍ താമസിച്ചിരുന്നു, എന്നാല്‍ 3,50,000 ആളുകള്‍ നഗരം വിട്ടുപോയെന്ന് ഇസ്രായേല്‍ സൈന്യം കണക്കാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് കഴിഞ്ഞ മാസം 2,20,000-ത്തിലധികം പലസ്തീനികള്‍ വടക്കന്‍ ഗാസയില്‍ നിന്ന് പലായനം ചെയ്തു. പക്ഷേ ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും അവിടെയുണ്ട്.
ഇസ്രായേല്‍ സൈന്യം വിശ്വസിക്കുന്നത് ഗാസ സിറ്റിയില്‍ 2,000 മുതല്‍ 3,000 വരെ ഹമാസ് തീവ്രവാദികളുണ്ടെന്നും തുരങ്കങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നുമാണ്. ഹമാസിന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞെന്നും എന്നാല്‍ ചെറിയ സംഘങ്ങളായി ഒളിപ്പോര് രീതിയിലുള്ള ആക്രമണങ്ങള്‍ ഇവര്‍ നടത്തുകയാണെന്നും സൈനിക ഔട്ട്പോസ്റ്റുകളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കുകയോ ആക്രമിക്കുകയോ ചെയ്ത ശേഷം ഇവര്‍ പിന്‍വാങ്ങുകയും ചെയ്യുന്നതായിട്ടാണ്.
ഹമാസിന്റെ പോരാട്ട ശേഷി പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് സൈനിക നടപടിയുടെ ലക്ഷ്യം. നഗരത്തില്‍ കനത്ത ബോംബാക്രമണങ്ങളും ഉണ്ടായതിന് പിന്നാലെ ഇസ്രായേല്‍ സൈന്യം നഗരത്തിന്റെ ഉള്ളിലേക്ക് കടന്നു.






