വിശ്വാസം അതല്ലേ എല്ലാം! കടക്ക് ഉള്ളീ പുറത്ത്; കത്രയിലെ അപൂര്‍വഭക്ഷണ സംസ്‌കാരം ഇങ്ങനെ…

വ്യത്യസ്തമായ പല കാര്യങ്ങളും നമ്മുടെ നാട്ടിലുണ്ട്. ചിലപ്പോഴത് വിശ്വാസവുമായി ബന്ധപ്പെട്ടായിരിക്കാം, ചിലപ്പോള്‍ സംസ്‌കാരത്തിന്റെ ഭാഗമാകാം. പക്ഷേ വ്യത്യസ്തയിലും നമ്മെ ആശ്ചര്യപ്പെടുത്തുന്ന ചില രീതികളും നമ്മുടെ രാജ്യത്തുണ്ട്. ഭാഷയിലും ആചാരങ്ങളിലും മാത്രമല്ല ഭക്ഷണത്തില്‍ പോലും നമ്മള്‍ സ്വപ്നത്തില്‍ വിചാരിക്കാത്ത ചില രീതികള്‍ ഉണ്ടാകും.
തെക്കുള്ളവര്‍ക്ക് അരിയാഹാരമാണ് പ്രിയമെങ്കില്‍ അങ്ങ് വടക്കുള്ളവര്‍ക്ക് അത് ഗോതമ്പാണ്. വെജിറ്റേറിയനാവട്ടെ നോണ്‍ വെജിറ്റേറിയനാവട്ടെ എല്ലാ അടുക്കളകളിലേയും സ്ഥിരം സാന്നിധ്യമാണ് സവാള. ദാല്‍, ചട്നി, സാലഡ്, സാമ്പാര്‍ എന്നു വേണ്ട സകലതിലെയും ചേരുവകളിലൊന്നാണ് സവാള. പക്ഷേ നമ്മുടെ ഇന്ത്യയില്‍ ഒരു നഗരത്തില്‍ സവാള വിളയിക്കുന്നതും വില്‍ക്കുന്നതും കഴിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അതായത് ഉള്ളികളൊന്നും കത്രയിലേക്ക് കടത്തിവിടില്ല.
വൈഷ്ണോ ദേവി തീര്‍ത്ഥാടനത്തിന് പേരുകേട്ട കത്രയിലാണ് സവാളയ്ക്ക് അടക്കം അയിത്തമുള്ളത്. ജമ്മുകശ്മീരിലെ ഈ നഗരം വളരെ പുണ്യമായ ഇടമായാണ് കണക്കാക്കുന്നത്. മതപരമായ വിശുദ്ധി ഇവിടെ നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്ന വിശ്വാസത്തില്‍ ഈ നഗരത്തിലേക്ക് സവാളയ്ക്കും ഒപ്പം വെളുത്തുള്ളിക്കും പ്രവേശനമില്ല. ഈ പ്രദേശത്തുള്ള ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, റോഡ് സൈഡിലെ ദാബകള്‍ എന്നിവടങ്ങളിലൊന്നും സവാളയും വെളുത്തുള്ളിയുമുള്ള ഒരു വിഭവവും ലഭിക്കില്ല. മാത്രമല്ല പച്ചക്കറി കടകളിലൊന്നും ഇവയുടെ പൊടിപോലും ഉണ്ടാവില്ല.
ഹിന്ദുവിശ്വാസ പ്രകാരം സവാളയും വെളുത്തുള്ളിയും താമോഗുണമടങ്ങിയ ഭക്ഷണങ്ങളായാണ് കണക്കാക്കുന്നത്. അതായത് ഇവ മടി, ദേഷ്യം, മനസിന്റെയും ശരീരത്തിന്റെ അസ്ഥിരത എന്നിവയെ ഉത്തേജിപ്പിക്കുന്നതാണെന്നാണ് കരുതപ്പെടുന്നത്. പൂജകള്‍, വ്രതം, തീര്‍ത്ഥാടനം എന്നിവ ചെയ്യുമ്പോള്‍ ഇവ ഉപേക്ഷിക്കണം എന്നാണ് വിശ്വാസം. കത്രയില്‍ നല്‍കുന്ന ഭക്ഷണത്തെ സ്വാതികമായാണ് കരുതുന്നത്. വൃത്തിക്കൊപ്പം കൃത്യമായ ക്രമം പാലിക്കുന്ന ഭക്ഷണമെന്ന് അര്‍ത്ഥം. ഇതില്‍ പോഷകഗുണത്തിനോ രുചിക്കോ ഒരു കുറവും ഉണ്ടാകില്ല.
കത്രയിലെ പ്രദേശവാസികളാണ് ഈ രീതി തുടര്‍ന്ന് വരാന്‍ എല്ലാകാലത്തും ശ്രമിച്ചുവരുന്നത്. നിയമങ്ങള്‍ കര്‍ശനമായി തന്നെ ഇവിടെ പാലിക്കപ്പെടുന്നുണ്ട്. സവാള ആവശ്യപ്പെടുന്നവര്‍ക്ക് അതിന് പകരമായി ഉപയോഗിക്കുന്ന സാത്വികമായ മറ്റൊന്ന് നല്‍കും. വിശ്വാസികള്‍ക്ക് ഈയൊരു രീതി പിന്തുടരുക എന്നത് അവരുടെ വിശ്വാസത്തിന്റെയും അച്ചടക്കത്തിന്റെയും ഭാഗമാണ്. നഗരത്തിന്റെ സാംസ്‌കാരികവും മതപരമായ പ്രാധാന്യവും തെളിയിക്കുന്ന ഒരു അടയാളമായി ഇന്നും തുടരുകയാണ് ഈ സവാള നിരോധനം.
സവാളയും കൊച്ചുള്ളിയുമൊന്നും ഇല്ലാതെ ഒന്നും പാചകം ചെയ്യാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നവരുടെ ചിന്ത തന്നെ മാറ്റിമറിക്കുകയാണ് കത്ര നിവാസികള്‍. കത്രക്കാര്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ നിരവധി ചേരുവകളാല്‍ സമ്പുഷ്ടമാണെന്നതിന് അപ്പുറം ആരോഗ്യത്തിനും മികച്ചതാണ്. ഇവിടെ എത്തുന്ന തീര്‍ത്ഥാടകര്‍ ഈ രുചി മനസിലാക്കിയാണ് മടങ്ങുന്നതും. പരിശുദ്ധമായ ഭക്ഷണം എന്നതിനപ്പുറം രുചികരമായത് എന്നതാണ് ഇതിനെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാകുന്നതും.






