Breaking NewsKeralaLead NewsNEWS

രാഹുലിനെ നിയമസഭയില്‍ എത്തിച്ചു; തെറ്റായ സന്ദേശം നല്‍കി, നടപടി വേണമെന്ന് പരാതി; നേമം ഷജീറിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭയിലെത്തിച്ച യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ നേമം ഷജീറിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. ഷജീറിനെതിരെ പരാതി നല്‍കാന്‍ ഒരു വിഭാഗം നേതാക്കള്‍ ഒരുങ്ങുകയാണ്. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാള്‍ക്കൊപ്പം പോയത് തെറ്റായ സന്ദേശം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷനും അച്ചടക്ക സമിതി ചെയര്‍മാനുമാണ് പരാതി നല്‍കുക. ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുക.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ എതിര്‍പ്പടക്കം അവഗണിച്ചാണ് രാഹുല്‍ കഴിഞ്ഞ ദിവസം നിയമസഭയിലേക്കെത്തിയത്. നേമം ഷജീര്‍ അടക്കമുളള യുവ നേതാക്കള്‍ക്കൊപ്പം പ്രത്യേക വാഹനത്തിലാണ് രാഹുല്‍ എത്തിയത്. സഭയില്‍ എത്തിയതിന് പിന്നാലെ രാഹുലിന് ഒരു കുറിപ്പ് ലഭിച്ചിരുന്നു. ശേഷം രാഹുല്‍ സഭയില്‍ നിന്നിറങ്ങിയിരുന്നു.

Signature-ad

പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച രാഹുല്‍ തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വന്ന ശബ്ദരേഖയിലെ ശബ്ദം രാഹുലിന്റേതാണോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അല്ലെന്നും ആണെന്നും മറുപടി പറയാതെ രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്നും നിയമസഭയില്‍ എത്തില്ല. ഇന്ന് നിയമസഭയില്‍ വരാന്‍ പാടില്ലെന്നാണ് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂര്‍ണ്ണമായും അവഗണിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. നിയമസഭയില്‍ രാഹുല്‍ വന്നാലും പരിഗണിക്കില്ല.

ഭരണകക്ഷി പ്രതിഷേധിച്ചാലും ഇടപെടേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. രാഹുല്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിലപാട് കടുപ്പിക്കും. നിയമസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സതീശന്‍ തള്ളിപ്പറഞ്ഞേക്കുമെന്നാണ് വിവരം. അതേസമയം രാഹുല്‍ മണ്ഡലത്തില്‍ വരുന്നതിലും പാലക്കാട് ഡിസിസിയില്‍ അവ്യക്തതയുണ്ട്. രാഹുല്‍ മണ്ഡലത്തിലെത്തിയാല്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നതിലാണ് വ്യക്തതയില്ലാത്തത്. വി കെ ശ്രീകണ്ഠന്‍ എംപി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ തുടങ്ങിയവര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാല്‍ രാഹുലിന് സംരക്ഷണം ഒരുക്കാനാണ് ഷാഫി പറമ്പില്‍ എംപിയുടെ പക്ഷത്തിന്റെ തീരുമാനം. രാഹുല്‍ മണ്ഡലത്തില്‍ എത്തിയാല്‍ തടയുമെന്ന് ഡിവൈഎഫ്ഐയും ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.

 

 

Back to top button
error: