തൊട്ടടുത്തുള്ളപ്പോള്‍ എന്തിന് 19 കിലോമീറ്റര്‍ അപ്പുറത്തെ ആശുപത്രി ; ഡല്‍ഹി ബിഎംഡബ്ല്യു അപകടത്തില്‍ ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ മരിച്ചസംഭവം ; പ്രതിയായ യുവതിയുടെ മൊഴിയില്‍ വൈരുധ്യം

ന്യൂഡല്‍ഹി: ഞായറാഴ്ച ഡല്‍ഹിയില്‍ ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ നവജ്യോത് സിംഗിന്റെ മരണത്തിന് കാരണമായ സംഭവത്തില്‍ ബിഎംഡബ്ല്യു കാര്‍ ഓടിച്ച യുവതി ഗഗന്‍പ്രീത് കൗറിന്റെ മൊഴില്‍ വൈരുദ്ധങ്ങള്‍. താന്‍ ഭയം കാരണം 19 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് പോയതെന്നും, ആ ആശുപത്രി മാത്രമേ തനിക്ക് അറിയുമായിരുന്നുള്ളൂ എന്നും പറഞ്ഞു.
ചോദ്യം ചെയ്യലില്‍, കോവിഡ്-19 മഹാമാരിയുടെ സമയത്ത് തന്റെ കുട്ടികളെ അവിടെ പ്രവേശിപ്പിച്ചിരുന്നതിനാലാണ് ആ ആശുപത്രി മനസ്സില്‍ വന്നതെന്ന് ഗഗന്‍പ്രീത് മൊഴി നല്‍കി. സമീപത്തുള്ള ആശുപത്രികള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന് മരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും ആരോപിച്ചു. അപകടത്തിന് ശേഷം തന്റെ ഭര്‍ത്താവ് ജീവനോടെയുണ്ടായിരുന്നെന്നും, അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ഗഗന്‍പ്രീത് അത് അവഗണിച്ചെന്നും നവജ്യോത് സിംഗിന്റെ ഭാര്യ പറയുന്നു.
സമയബന്ധിതമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ തന്റെ പിതാവിനെ രക്ഷിക്കാമായിരുന്നുവെന്ന് മകന്‍ ആരോപിച്ചു. പ്രതിക്ക് പരിചയമുള്ള ആളുടെ ആശുപത്രിയായതുകൊണ്ടാണ് അവര്‍ ആ ആശുപത്രി തിരഞ്ഞെടുത്തതെന്നും മകന്‍ ആരോപിച്ചു.
ഞായറാഴ്ച ധൗള കുവാനിന് സമീപം അമിതവേഗതയില്‍ വന്ന നീല ബിഎംഡബ്ല്യു കാര്‍ നവജ്യോത് സിംഗിന്റെ മോട്ടോര്‍സൈക്കിളില്‍ ഇടിച്ചാണ് അപകടം നടന്നത്. സാമ്പത്തികകാര്യ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന നവജ്യോത് സിംഗ് അപകടത്തില്‍ മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സന്ദീപ് കൗറിന് കൈകാലുകള്‍ക്ക് ഒടിവുകളും തലയ്ക്ക് പരിക്കുമുണ്ട്.
അപകടത്തിന് ശേഷം നവജ്യോത് സിംഗിനെയും ഭാര്യയെയും ഒരു ഡെലിവറി വാനിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പ്രതിയായ ഗഗന്‍പ്രീത് അവരെ അനുഗമിക്കുകയും, അപകടസ്ഥലത്ത് നിന്ന് 19 കിലോമീറ്റര്‍ അകലെയുള്ള ഒരു ആശുപത്രിയിലേക്ക് പോകാന്‍ വാന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.






