Breaking NewsLead News

കേരളത്തിലെ ‘ബീഡി-ബിഹാര്‍’ പരാമര്‍ശം ബീഹാറില്‍ ഉപയോഗിച്ച് പ്രധാനമന്ത്രി ; ബീഹാര്‍ പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും സംസ്ഥാനത്തെ പരിഹസിക്കുന്നു

പുര്‍ണി: ബിഹാര്‍ പുരോഗതിയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനത്തെ അപമാനിക്കാന്‍ തുടങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂര്‍ണിയയില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസിനും രാഷ്ട്രീയ ജനതാദളിനും അദ്ദേഹം രൂക്ഷവിമര്‍ശനമുന്നയിച്ചു.

”ബിഹാറില്‍ നിര്‍മ്മിക്കുന്ന റെയില്‍വേ എഞ്ചിനുകള്‍ ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുകയാണ്, എന്നാല്‍ ഇത് കോണ്‍ഗ്രസിനും ആര്‍ജെഡി നേതാക്കള്‍ക്കും ഇഷ്ടപ്പെടുന്നില്ല. ബിഹാര്‍ പുരോഗതി നേടുമ്പോള്‍ ഈ പാര്‍ട്ടികള്‍ സംസ്ഥാനത്തെ അപമാനിക്കാന്‍ തിരക്കിലാണ്. കോണ്‍ഗ്രസ്, ആര്‍ജെഡിയുമായി ചേര്‍ന്ന് ബിഹാറിനെ സമൂഹമാധ്യമങ്ങളില്‍ പരിഹസിച്ച്, ‘ബീഡി’യുമായി താരതമ്യം ചെയ്യുന്നു. ഈ ആളുകള്‍ക്ക് ബിഹാറിനോട് വെറുപ്പാണ്.” പ്രധാനമന്ത്രി മോദി പറഞ്ഞു.

Signature-ad

അടുത്തിടെ കേരളത്തിലെ കോണ്‍ഗ്രസ് ഘടകം ജിഎസ്ടി പരിഷ്‌കാരങ്ങളെ പരിഹസിച്ചുകൊണ്ട് ”ബീഡിയും ബിഹാറും ബി’യിലാണ് തുടങ്ങുന്നത്. അതുകൊണ്ട് ഇനി അതൊരു തെറ്റായി കണക്കാക്കാനാവില്ല.” എന്നൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ബീഡിയുടെ ജിഎസ്ടി കുറച്ചതിനെക്കുറിച്ചുള്ള ഈ ട്വീറ്റ് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും പാര്‍ട്ടിക്ക് മാപ്പ് പറയേണ്ടിവരികയും ചെയ്തു. പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ചു.

തന്റെ സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും താരതമ്യം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു: ‘ആര്‍ജെഡിക്കും കോണ്‍ഗ്രസിനും അവരുടെ കുടുംബത്തെക്കുറിച്ച് മാത്രമാണ് ആശങ്ക. ഈ ആളുകള്‍ ഒരിക്കലും നിങ്ങളുടെ കുടുംബത്തെക്കുറിച്ച് ചിന്തിക്കില്ല. എന്നാല്‍ മോദിയെ സംബന്ധിച്ച്, നിങ്ങള്‍ എല്ലാവരും മോദിയുടെ കുടുംബമാണ്. അതുകൊണ്ടാണ് മോദി ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന് പറയുന്നത്… നിങ്ങളുടെ ചെലവുകളെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും മോദി ശ്രദ്ധിക്കുന്നു.’

 

Back to top button
error: