രാഹുല്‍ഗാന്ധിയെ സ്വാഗതം ചെയ്തത് പാകിസ്താന്ഗാനം വെച്ച് ; വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തു ബിജെപി ; ഏഷ്യാക്കപ്പ് ക്രിക്കറ്റിനെക്കുറിച്ച് എന്തു പറയുന്നെന്ന് തിരിച്ചടിച്ച് കോണ്‍ഗ്രസ്

ഗാന്ധിനഗര്‍: പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്യാന്‍ കോണ്‍ഗ്രസ് അനുയായികള്‍ പാകിസ്താന് ഗാനം വെച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രചരണം. ആരോപണം ഉന്നയിച്ച് ഒരു വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തു.
ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയാണ് വീഡിയോ പങ്കുവെച്ചത്. കോണ്‍ഗ്രസിന് ‘പാകിസ്താനോടുള്ള സ്നേഹം’ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പഴയ പാര്‍ട്ടിയെ വിമര്‍ശിക്കാനും മറന്നില്ല. ഗുജറാത്തില്‍ കോണ്‍ഗ്രസ് ‘സ്രുജന്‍ അഭിയാന്’ എന്ന പേരില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ക്കായി 10 ദിവസത്തെ പരിശീലന ക്യാമ്പായിരുന്നു വേദി.
നമ്മുടെ സൈനികര്‍ പാകിസ്താനെതിരെ അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുമ്പോള്, കോണ്‍ഗ്രസ് അനുയായികള്‍ തങ്ങളുടെ നേതാവിനായി പാകിസ്താന് പാട്ടുകള്‍ പാടുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് ഇന്ത്യയോടുള്ള കൂറ് ഏറ്റവും അവസാനമാണെന്നും ഇത് ലജ്ജാകരമാണെന്നും ഭണ്ഡാരി പറഞ്ഞു. ഏഷ്യാകപ്പിലെ ഇന്ത്യാ – പാകിസ്താന് മത്സരത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ഇതിന് കോണ്‍ഗ്രസ് മറുപടി പറഞ്ഞത്്. രാജ്യത്തിന്റെ വികാരങ്ങളുടെ കാര്യത്തില്‍ ബിജെപിക്ക് ഇരട്ടത്താപ്പാണുള്ളതെന്നും അതിന് തെളിവാണ് ഞായറാഴ്ച നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ എടുത്തിരിക്കുന്ന നിലപാടെന്നും കോണ്‍ഗ്രസ് പറഞ്ഞു.
ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്താനുമായി ഇന്ത്യന്‍ ടീമിനെ കളിക്കാന്‍ അനുവദിച്ചതിന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ‘ഓപ്പറേഷന് സിന്ദൂര്‍ ഇപ്പോഴും തുടരുകയാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പറയുന്നു, അതേസമയം നിങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നു, ഇത് ഇരട്ടത്താപ്പാണ്. ഒരുവശത്ത് നിങ്ങള്‍ക്ക് പാകിസ്താനെ പേടിയാണ്, മറുവശത്ത് നിങ്ങള്‍ യുദ്ധം ചെയ്യുന്നു. ബിജെപിയുടെ തെറ്റുകള്‍ മറച്ചുവെക്കാന്‍ മാത്രമാണ് അവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്,’ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു.
പരിശീലന ക്യാമ്പില്‍, രാഹുല്‍ ഗാന്ധി ജില്ലാ-നഗര യൂണിറ്റ് പ്രസിഡന്റുമാരെ അഭിസംബോധന ചെയ്യുകയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി സംവദിക്കുകയും ചെയ്തു. ഏകദേശം മൂന്ന് മണിക്കൂറോളം പരിപാടിയില്‍ പങ്കെടുത്താണ് രാഹുല്‍ മടങ്ങിയത്.






