ശസ്ത്രക്രിയയും വിജയകരമായി പൂര്‍ത്തീകരിക്കാനായി ; ഐസകിന്റെ ഹൃദയം അജിനില്‍ മിടിക്കാന്‍ തുടങ്ങി ; കിംസില്‍ നിന്നും ‘ഹൃദയം’ ലിസി ആശുപത്രിയില്‍ എത്തിച്ചത് എയര്‍ ആംബുലന്‍സില്‍

കൊച്ചി: അതീവശ്രദ്ധയോടെ എയര്‍ ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ച കൊല്ലംകാരന്‍ ഐസകിന്റെ ഹൃദയം അങ്കമാലിക്കാരന്‍ അജിന് ജീവനായി. തിരുവനന്തപുരം കിംസില്‍ നിന്നും കൊച്ചിയിലെ ലിസി ആശുപത്രിയില്‍ എത്തിച്ച ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ അജിനില്‍ വെച്ച് നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.
ഇന്ന് ഉച്ചയോടുകൂടിയാണ് ഐസക്കിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് എയര്‍ ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ചത്. ഐസക് ജോര്‍ജിന്റെ ഹൃദയം അജിന്‍ ഏലിയാസില്‍ മിടിച്ച് തുടങ്ങിയതായി ലിസി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ഏഴാം തീയതിയാണ് 33 കാരനായ ഐസക് ജോര്‍ജിന് വാഹന അപകടത്തില്‍ പരിക്കേറ്റത്. റോഡ് മുറിച്ച് കടക്കവെ അപകടത്തില്‍ പെടുകയായിരുന്നു. പരമാവധി ചികിത്സ നല്‍കിയെങ്കിലും ഇന്നലെ മസ്തിഷ്‌ക മരണം സംഭവിച്ചു. അതോടെയാണ് അവയവദാനം നടത്താന്‍ കുടുംബം തീരുമാനിച്ചത്. എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന 29-ാമത് ഹൃദയമാറ്റ ശസ്ത്രക്രിയയിലാണ് ഐസക്ക് ജോര്‍ജിന്റെ ഹൃദയം അങ്കമാലി സ്വദേശി അജിന്‍ ഏലിയാസിന് നല്‍കിയത്.






