കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറും മന്ത്രിയുമായ പി പി തങ്കച്ചന് അന്തരിച്ചു ; അന്ത്യം വാര്‍ദ്ധക്യസജമായ അസുഖങ്ങളെ തുടര്‍ന്ന് ; കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വം

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറും മന്ത്രിയുമായ പി പി തങ്കച്ചന് (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. യുഡിഎഫ് കണ്‍വീനര്‍ കൂടിയായിരുന്നു. നിയമസഭാ സ്പീക്കര്‍, കൃഷി മന്ത്രി, പ്രതിപക്ഷ ചീഫ് വിപ്പ്, കെപിസിസി വൈസ് പ്രസിഡന്റ് താല്‍ക്കാലിക കെപിസിസി പ്രസിഡന്റ് തുടങ്ങി കേരളത്തിന്റെ ഭരണ-രാഷ്ട്രീയ രംഗത്ത് ദീര്‍ഘകാലം നിറഞ്ഞുനിന്ന വ്യക്തിത്വമാണ്.
മുന്‍ നിയമസഭാ സ്പീക്കറും എകെ ആന്റണിയുടെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന പി പി തങ്കച്ചന് നാല് തവണ എംഎല്‍എയായിരുന്നു. 13 വര്‍ഷക്കാലം യുഡിഎഫിന്റെ കണ്‍വീനറായി പ്രവര്‍ത്തിച്ചു. 2005-ല്‍ എ കെ ആന്റണിക്ക് പകരം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് യുഡിഎഫ് കണ്‍വീനര്‍ പദവി തങ്കച്ചന് ഏറ്റെടുത്തത്.
റവ. ഫാദര്‍ പൗലോസ് പൈനാടത്തിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 29-ന് അങ്കമാലിയിലായിരുന്നു ജനനം. നിയമ ബിരുദം നേടി അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ, 1968-ല്‍ പെരുമ്പാവൂര്‍ നഗരസഭയിലേക്ക് മത്സരിച്ച് ചെയര്‍മാനായി. 1982 ല്‍ പെരുമ്പാവൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. സിപിഐഎമ്മിലെ പി ആര് ശിവനെ തോല്‍പ്പിച്ച അദ്ദേഹം 1987-ല്‍ പെരുമ്പാവൂര്‍ നിലനിര്‍ത്തി. ജനതാപാര്‍ട്ടിയുടെ രാമന് കര്‍ത്തയെയാണ് രണ്ടാം തവണ പരായജപ്പെടുത്തിയത്.
1991-ല്‍ ജനതാദളിന്റെ എ ദേവസ്സിയെ തോല്പിച്ച് ഹാട്രിക് വിജയം നേടി. 1996-ല്‍ നാലാം ജയം. ജനതാദള്‍ സ്ഥാനാര്‍ഥി രാമന് കര്‍ത്തയെ വീണ്ടും തോല്പിച്ചു. നാലു തവണ തുടര്‍ച്ചയായി വിജയിച്ച ശേഷം 2001-ല്‍ അതേ മണ്ഡലത്തില്‍ എല്‍ഡിഎഫിലെ സാജു പോളിനോട് പരാജയപ്പെട്ടു. 2006-ല്‍ കുന്നത്തുനാട്ടില്‍ ഒരു തവണ കൂടി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.






