40 ലക്ഷം കിട്ടാനുള്ള തുക കിട്ടിയില്ല ; നിക്ഷേപിച്ച പണം തിരിച്ചുചോദിച്ചു പോലീസുകാര്‍ ലോണെടുക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തി ; ബിസിനസുകാരന് ബാങ്കിന്റെ ബാത്ത്റൂമില്‍ കയറി സ്വയം വെടിവെച്ചു മരിച്ചു

മൊഹാലി: ബാങ്കിന്റെ ബാത്ത്റൂമില്‍ കയറി ബിസിനസുകാരന് തലയ്ക്ക് വെടിവെച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ടു പോലീസുകാര്‍ക്കെതിരേ കേസ്. മൊഹാലിയിലെ ഒരു എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലെ ശുചിമുറിയില്‍ കയറി രാജ്ദീപ് സിംഗ് എന്ന 45 കാരന് തലയ്ക്ക് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിച്ചിരിക്കുകയാണ്.
ഒരു ഇമിഗ്രേഷന്‍ ബിസിനസ് നടത്തുകയായിരുന്ന ഇയാള്‍ വലിയ സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് മരിക്കുന്നതെന്നാണ് വെളിപെ്ടപുത്തിയിരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോയില്‍, തന്റെ സ്ഥാപനത്തില്‍ നിക്ഷേപിച്ച വന്‍ തുക ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് തിരികെ ചോദിക്കുകയാണെന്നും കൊടുക്കാന്‍ കൂട്ടാക്കാതിരുന്നാല്‍ വ്യാജ കേസില്‍ കുടുംബാംഗങ്ങളെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപിച്ചിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ഗൂഢാലോചനയ്ക്കും, ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ മോഗ സ്വദേശിയായ രാജ്ദീപ്, മൊഹാലിയിലെ സെക്ടര്‍ 80-ല്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. താന്‍ ഉപേക്ഷിച്ച ആത്മഹത്യാക്കുറിപ്പില്‍, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഗുര്‍ജോത് സിംഗ് കാലറും, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഋഷി റാണയും തന്നെ ഉപദ്രവിച്ചതായി രാജ്ദീപ് ആരോപിച്ചു. തന്റെ മകനെ ഋഷി റാണയും മറ്റൊരു വ്യക്തിയും ചേര്‍ന്ന് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയെന്ന് രാജ്ദീപിന്റെ പിതാവ് പരംജീത് സിംഗ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
അവര്‍ മകനെ ഗുര്‍ജോത് സിംഗ് കാലറിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് അവനെ അപമാനിക്കുകയും, വീഡിയോ എടുക്കുകയും, എച്ച്ഡിഎഫ്സി ബാങ്കില്‍ നിന്ന് സ്വന്തം പേരില്‍ ലോണ്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയും കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തതായി പിതാവ് നല്കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന്, രാജ്ദീപ് ബാങ്കിന്റെ ശുചിമുറിയില്‍ കയറി താന്‍ കൈവശം വെച്ചിരുന്ന തോക്ക് ഉപയോഗിച്ച് വെടിവെച്ച് മരിക്കുന്നതിന് മുന്‍പ് വീഡിയോ റെക്കോര്‍ഡ് ചെയ്തു.
വീഡിയോയില്‍, ”ഞാന്‍ ഒരിക്കലും തെറ്റ് ചെയ്തിട്ടില്ല. എനിക്ക് എവിടെ നിന്ന് പണം കിട്ടും? നിങ്ങള്‍ എന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചു. ഞാന്‍ ആത്മഹത്യ ചെയ്യും. ശരി, ബൈ” എന്ന് രാജ്ദീപ് പറയുന്നത് കേള്‍ക്കാം. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് രാജ്ദീപ് തന്റെ ഭാര്യയായ ഛവിക്ക് ഒരു സന്ദേശം അയച്ചിരുന്നെന്നും, ഒരു പ്രാദേശിക ഡയറിയില്‍ അവള്‍ക്കായി എന്തോ വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. പിന്നീട് ഛവി അവിടേക്ക് ചെന്നപ്പോള്‍ രാജ്ദീപിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
ആത്മഹത്യാക്കുറിപ്പില്‍, രാജ്ദീപ് തന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുകയും, തനിക്ക് വേറെ വഴിയില്ലായിരുന്നു എന്ന് പറയുകയും ചെയ്തു. കാലര്‍, റാണ എന്നിവരെ കൂടാതെ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ സുനില്‍ അഗര്‍വാള്‍, കാറ്ററര്‍ റിങ്കു കൃഷ്ണ, ഫിറോസ്പൂര്‍ സ്വദേശിയായ സയ്ന അറോറ എന്നിവരെയും പ്രതികളാക്കിയിട്ടുണ്ട്. റിങ്കുവും സൈനയും തന്റെ ബിസിനസ് പങ്കാളികളായിരുന്നെന്നും, അവര്‍ തനിക്ക് 40 ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നെന്നും എന്നാല്‍ അത് തിരികെ നല്കാന് തയ്യാറായില്ലെന്നും രാജ്ദീപ് കുറിപ്പില്‍ എഴുതിയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസ്സീക സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ വിദഗ്ദ്ധരെ സമീപിക്കുക)






