നേപ്പാളില്‍ കലാപമടങ്ങി, രംഗം ശാന്തമാകുകയും ചെയ്തു ; ഇടക്കാല സര്‍ക്കാരിനെ എഞ്ചിനീയര്‍ കുല്‍മാന്‍ ഘിസിംഗ് നയിച്ചേക്കും ; 70 കടന്ന സുശീല കാര്‍ക്കി് ജെന്‍സീക്ക് അനുയോജ്യമല്ല

കാഠ്മണ്ഡു: അഴിമതി മുന്‍ നിര്‍ത്തി ജെന്‍സീ നടത്തിയ പ്രതിഷേധത്തിനും മന്ത്രിമാരുടെ രാജിക്കും ശേഷം ശാന്തതയിലേക്ക് മടങ്ങിയിരിക്കുന്ന നേപ്പാളില്‍ ഇടക്കാല സര്‍ക്കാര്‍ വരുമെന്നും അതിനെ കുല്‍മാന്‍ ഘിസിംഗ് നയിക്കുമെന്നും റിപ്പോര്‍ട്ട്. നേരത്തേ സുശീല കാര്‍ക്കിയെ നിയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും പ്രായവും യോഗ്യതയും കണക്കാക്കി തള്ളി.
കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ ഈ സ്ഥാനത്തില്‍ താല്‍പ്പര്യം കാണിച്ചിട്ടില്ലെന്നും, ഹര്‍ക്ക സംപാങ്ങിന് എല്ലാവരെയും ഒന്നിപ്പിക്കാന്‍ കഴിയില്ലെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. അതിനാല്‍, നേപ്പാളിലെ വൈദ്യുതി പ്രതിസന്ധിക്ക് അറുതിവരുത്തിയ എഞ്ചിനീയര്‍, ഒരു ദേശസ്‌നേഹി, എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന വ്യക്തി എന്നീ നിലകളില്‍ കുല്‍മാന്‍ ഘിസിംഗിനെ അംഗീകരിക്കുന്നു.
നേരത്തെ, മറ്റൊരു വിഭാഗം കാര്‍ക്കിയെ പിന്തുണച്ചിരുന്നു. കാര്‍ക്കി, നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭരണഘടന അനുസരിച്ച്, മുന്‍ ചീഫ് ജസ്റ്റിസുമാരും ജഡ്ജിമാരും ഈ സ്ഥാനത്തിന് അയോഗ്യരാണെന്നും, സുശീല കാര്‍ക്കിയെപ്പോലെ 70 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് ജന്‍സീയെ പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മറ്റൊരു സാധ്യതാ സ്ഥാനാര്‍ത്ഥിയായിരുന്ന കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷായും കാര്‍ക്കിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇടക്കാല സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കാനും പാര്‍ലമെന്റ് പിരിച്ചുവിടാനും അദ്ദേഹം പ്രസിഡന്റ് രാം ചന്ദ്ര പൗഡലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് തീരുമാനം മാറിയത്.
തല്‍ക്കാലം നേപ്പാള്‍ ശാന്തമായിട്ടുണ്ട്. കാഠ്മണ്ഡുവില്‍ നടന്ന ജന്‍സീ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി. 25 പേരുടെ പ്രാഥമിക വിവരങ്ങള്‍ സ്ഥിരീകരിച്ചതായി ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ഹോസ്പിറ്റലിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം അധികൃതരെ ഉദ്ധരിച്ച് ദി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഒരു ദിവസം അടച്ചിട്ടിരുന്ന നേപ്പാളിലെ കാഠ്മണ്ഡു വിമാനത്താവളം തുറന്നതായി വിമാനത്താവള വക്താവ് പറഞ്ഞു.






