ഉറ്റ അനുയായി ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചു; അമേരിക്കയ്ക്ക് ഇരുണ്ടനിമിഷമെന്നും ക്രൂരതകാട്ടിയവരെ വിടില്ലെന്നും രോഷത്തോടെ ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായി വെടിയറ്റ് മരിച്ചു. ‘ടേണിങ് പോയിന്റ് യുഎസ്എ’ എന്ന സംഘടനയുടെ സ്ഥാപകനായ ചാര്‍ലി കിര്‍ക്ക്(31) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിക്കവെയായിരുന്നു വെടിയേറ്റത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തില്‍ ദുഃഖവും രോഷവും രേഖപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് അമേരിക്കയ്ക്ക് ഇരുണ്ടനിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഏറെ സ്നേഹിച്ച രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച ദേശസ്നേഹിയെന്നാണ് ചാര്‍ളി കിര്‍ക്കിനെ ട്രംപ് വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നീതിയ്ക്കും വേണ്ടി സംസാരിച്ച കിര്‍ക്ക് അമേരിക്കയിലെ ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനമായി.
വര്‍ഷങ്ങളായി തീവ്ര ഇടതുപക്ഷക്കാര്‍ ചാര്‍ളിയെപ്പോലെയുള്ള അമേരിക്കക്കാരെ നാസികളോടും ലോകത്ത് കൂട്ടക്കൊല നടത്തിയവരോടും താരതമ്യപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രഭാഷണങ്ങളാണ് ഇന്ന് രാജ്യത്ത് കാണുന്ന തീവ്രവാദത്തിന്റെ ഉത്തരവാദി. ഇത് ഇപ്പോള്‍ അവസാനിപ്പിക്കണം. ഈ ക്രൂരതയ്ക്ക് പിന്നിലുള്ളവരെ തന്റെ ഭരണകൂടം കണ്ടെത്തും. അവര്‍ക്ക് ധനസഹായം നല്‍കുന്നവരെയും അവരെ പിന്തുണയ്ക്കുന്നവരെയും പിടികൂടുമെന്നും ട്രംപ് പറഞ്ഞു. ഞായറാഴ്ച വരെ അമേരിക്കന്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്.
വെടിയേറ്റതിന് പിന്നാലെ കിര്‍ക്ക് കഴുത്തില്‍ മുറുകെ പിടിച്ചിരിക്കുന്നതിന്റെയും മുറിവില്‍ നിന്ന് രക്തം ഒഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവം കണ്ട് വിദ്യാര്‍ത്ഥികള്‍ നിലവിളിച്ച് ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതിയ ഒരാളെ കസ്റ്റഡിയിലെടുത്തതായും ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായും എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. പരിപാടിയില്‍ സുരക്ഷ വളരെ കുറവായിരുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്. കാമ്പസ് കര്‍ശന സുരക്ഷയിലാണ്.






