ഹോളിവുഡ് സൂപ്പര്‍കഥാപാത്രം ജോണ്‍വിക്കുമായി മുംബൈയിലെ 69 കാരിക്ക് ഇന്‍സ്റ്റാഗ്രാം സൗഹൃദം ; കീനുറീവ്സ് വൃദ്ധയില്‍ നിന്നും അടിച്ചുമാറ്റിയത് 65,000 രൂപ ; ലണ്ടനിലുള്ള മകള്‍ ഞെട്ടി…!

മുംബൈ: കനേഡിയന്‍ നടനും സംഗീതജ്ഞനുമായ ഹോളിവുഡ് താരം കീനു റീവ്സായി ആള്‍മാറാട്ടം നടത്തി മുംബൈയിലെ 69 കാരിയില്‍ നിന്നും തട്ടിപ്പുകര് അടിച്ചുമാറ്റിയത് 65,000 രൂപ. ഇന്ത്യ സന്ദര്‍ശിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പുകാരന് ഇവരില്‍ നിന്ന് പണം ആവശ്യപ്പെട്ടതെന്ന് പരാതിക്കാരിയായ ഇവരുടെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞു. യുകെയിലുള്ള മകള്‍ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് അപരിചിതമായ അക്കൗണ്ടിലേക്ക് പണം അയച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ വെര്‍സോവ പോലീസില്‍ പരാതി നല്കി.
വിവാഹശേഷം വിദേശത്തേക്ക് പോയ യുവതി തന്റെ അമ്മ അന്ധേരി വെസ്റ്റില്‍ ഒറ്റയ്ക്കാണ് താമസമെന്നും പോലീസിനോട് പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വൃദ്ധ തട്ടിപ്പുകാരനുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് തട്ടിപ്പുകാരന് ഇവരുമായി പതിവായി ചാറ്റ് ചെയ്ത് വിശ്വാസം നേടിയെടുത്തു. പിന്നീട് ഇയാള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയാണെന്നും എന്നാല്‍ ഇന്ത്യന്‍ കറന്‍സിയില്ലെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് തന്നെ സന്ദര്‍ശിക്കുന്നതിനായി പണം അയച്ചുതരാന്‍ ആവശ്യപ്പെട്ട് പണം കൈക്കലാക്കുകയായിരുന്നു.
അമ്മയുടെ ബാങ്ക് ഇടപാടുകളില്‍ അസ്വാഭാവികത തോന്നിയ മകള്‍ അവരെ നേരിട്ട് വിളിച്ച് സംസാരിച്ചപ്പോഴാണ് പുറത്തറിയുന്നത്. ഹോളിവുഡ് നടനായ ‘ജോണ്‍ വിക്ക്’ തന്റെ ഇന്‍സ്റ്റാഗ്രാം സുഹൃത്താണെന്നും ടെലിഗ്രാമില്‍ സംസാരിക്കാറുണ്ടെന്നും അമ്മ മകളോട് പറഞ്ഞു. തുടര്‍ന്ന് ഒരു ഹോളിവുഡ് നടന് എന്തിനാണ് തന്റെ അമ്മയുമായി സൗഹൃദം സ്ഥാപിക്കുന്നതെന്ന സംശയം മകള്‍ക്ക് തോന്നി.
മകള്‍ അമ്മയുടെ ഇമെയില്‍ പരിശോധിച്ചപ്പോള്‍ ജൂണ്‍ 30-ന് ആശാ നഹര്‍ എന്ന വ്യക്തിക്ക് ഡെറാഡൂണിലേക്ക് പണം അയച്ചതായി കണ്ടു. ഈ പേരില്‍ ആരെയും അറിയാത്തതുകൊണ്ട് എന്‍ഇഎഫ്ടി വഴി പണം കൈപ്പറ്റിയതാരെന്ന് അവര്‍ അമ്മയോട് ചോദിച്ചറിഞ്ഞു.
പോലീസ് അന്വേഷണത്തില്‍, തട്ടിപ്പുകാര്‍ @കീനുറീവ്സ്4576 എന്ന വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് സ്ത്രീക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചതെന്ന് കണ്ടെത്തി. ന്യൂയോര്‍ക്കില്‍ നിന്നുള്ളതെന്ന് തോന്നിക്കുന്ന ഒരു വ്യാജ അന്താരാഷ്ട്ര ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ഇവര്‍ സ്ത്രീയുമായി ചാറ്റ് ചെയ്തിരുന്നത്. തട്ടിപ്പുകാരുടെ ഐപി അഡ്രസ്സും പണം അയച്ച ഡെറാഡൂണിലെ ബാങ്ക് അക്കൗണ്ടും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയാണെന്നും എന്നാല്‍ ഇന്ത്യന്‍ കറന്‍സിയില്ലെന്നും പറഞ്ഞാണ് തട്ടിപ്പുകാരന് സ്ത്രീയെ കബളിപ്പിച്ച് പണം കൈക്കലാക്കിയതെന്ന് പോലീസ് ഉദ്യോഗസ്ഥന് വിശദീകരിച്ചു. അമ്മ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ മകള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ത്യ സന്ദര്‍ശിക്കാനും ഇവരെ നേരില്‍ കാണാനും ആഗ്രഹിക്കുന്ന ഒരു പ്രശസ്ത ഹോളിവുഡ് നടനായി അഭിനയിച്ചാണ് തട്ടിപ്പുകാരന് ഇവരുടെ വിശ്വാസം നേടിയെടുത്തത്.






