Breaking NewsWorld

എഞ്ചിനീയര്‍, റാപ്പര്‍, മേയര്‍, ഒടുവിലിപ്പോള്‍ പ്രധാനമന്ത്രി പദത്തിലേക്ക്? ഒലി രാജിവെച്ചതോടെ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ശ്രദ്ധ നേടുന്നത് കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ

കാഠ്മണ്ഡു: യുവാക്കളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി രാജിവെപ്പിച്ചതിന് പിന്നാലെ, ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷായില്‍. ബാലെന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം അടുത്ത പ്രധാനമന്ത്രിയാകണം എന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ പ്രചാരണങ്ങള്‍ ശക്തമാണ്.

കാഠ്മണ്ഡു മെട്രോപൊളിറ്റന്‍ സിറ്റിയുടെ മേയറായ ബാലേന്ദ്ര ഷാ, ബാലെന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. 1990-ല്‍ കാഠ്മണ്ഡുവില്‍ ജനിച്ച അദ്ദേഹം, നേപ്പാളില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം, ഇന്ത്യയിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്ട്രക്ചറല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടി.

Signature-ad

രാഷ്ട്രീയത്തിലേക്ക് വരുന്നതിനുമുമ്പ്, നേപ്പാളിലെ അണ്ടര്‍ഗ്രൗണ്ട് ഹിപ്-ഹോപ്പ് രംഗത്തെ സജീവ റാപ്പറും ഗാനരചയിതാവുമായിരുന്നു ബാലെന്‍. തന്റെ സംഗീതത്തിലൂടെ അഴിമതി, അസമത്വം തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. 2022-ല്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കാഠ്മണ്ഡു മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി 61,000-ലധികം വോട്ടുകള്‍ നേടി വിജയിച്ചു.

പ്രക്ഷോഭങ്ങള്‍ക്കിടെ, റാപ്പറില്‍ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ ബാലെന്‍ ഷാ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചവര്‍ ജന്‍ സെഡ് എന്നതിന് 28 വയസ്സില്‍ താഴെയുള്ളവര്‍ എന്ന് നിര്‍വചിച്ചതിനാല്‍ തനിക്ക് നേരിട്ട് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, അവരുടെ ശബ്ദം കേള്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘ഈ റാലി ജന്‍ സെഡിന്റെ ഒരു സ്വാഭാവിക മുന്നേറ്റമാണെന്ന് വ്യക്തമാണ്. അവര്‍ക്ക് ഞാന്‍ പോലും ഒരുപക്ഷേ പഴയ ആളായി തോന്നാം,’ ബാലെന്‍ ഷാ എഴുതി. ‘എനിക്ക് അവരുടെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും ചിന്തകളും മനസ്സിലാക്കണം. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പ്രവര്‍ത്തകരും നിയമനിര്‍മ്മാതാക്കളും ഈ റാലി സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ മിടുക്ക് കാട്ടരുത്. താന്‍ നേരിട്ട് പങ്കെടുക്കില്ലെങ്കിലും തന്റെ ‘പൂര്‍ണ്ണ പിന്തുണ’ യുവാക്കള്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: