Breaking NewsKeralaLead NewsNEWSNewsthen Special

ക്രിമിനല്‍ കേസില്‍ നേരിട്ട് മുന്‍കൂര്‍ ജാമ്യം; മറ്റൊരിടത്തും കാണാനാകില്ല; കേരള ഹൈക്കോടതിയെ കുടഞ്ഞ് സുപ്രീം കോടതി; രജിസ്ട്രാര്‍ക്ക് നോട്ടീസ് അയച്ചു

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ട് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യ ഹർജികൾ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിയെ വിമർശിച്ച് സുപ്രീം കോടതി. രാജ്യത്തെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി നിലനിൽക്കുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഹൈക്കോടതി രജിസ്ട്രാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. അമികസ്ക്യൂരിയായി സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂതറയെ കോടതി നിയമിച്ചു.

കേരളത്തിൽ നിന്നുള്ള ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ആണ് ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈക്കോടതി നടപടിയെ വിമർശിച്ചത്. ബിഎൻഎസ്എസിന്റെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് ഫയൽ ചെയ്യുന്ന മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയിൽ മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി ഇല്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സന്ദീപ് മേത്ത ചൂണ്ടിക്കാട്ടി.

Signature-ad

ക്രിമിനൽ കേസുകളിലെ വസ്തുതകൾ അറിയാവുന്നത് സെഷൻസ് കോടതിയിലാണ്. പലപ്പോഴും ഹൈക്കോടതികൾക്ക് കേസുകളുടെ പൂർണ്ണമായ വസ്തുത അറിയണമെന്നില്ല-സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വിചാരണ കോടതിയെ സമീപിക്കാതെ നേരിട്ട് ഫയൽ ചെയ്യുന്ന ജാമ്യാപേക്ഷകൾ ഹൈക്കോടതി പരിഗണിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഒക്ടോബർ 14 ന് വിശദ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച മുഹമ്മദ് റസലിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മുഹമ്മദ് റസലിന് വേണ്ടി അഭിഭാഷകൻ ഷിനോജ് കെ നാരായണനും, സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസുൽ ഹർഷദ് വി ഹമീദും ഹാജരായി. supreme-court-criticizes-kerala-hc-anticipatory-bail

Back to top button
error: