Breaking NewsKeralaLead NewsNEWSNewsthen Special

വാ തുറന്നാൽ വർ​ഗീയ വിഷം തുപ്പുന്ന വെള്ളാപ്പള്ളിയെങ്ങനെ ജാതി- വർഗീയതക്കെതിരെ നിലകൊണ്ട ഈ നാടിന്റെ മുഴുവൻ അഭിമാനമായ ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവാകും?… പിണറായി- വെള്ളപ്പള്ളി അവിശുദ്ധ കൂട്ടുകെട്ട് എന്തിനു വേണ്ടി?

ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ ആളുകളെ പ്രലോഭിപ്പിച്ചും പ്രേരിപ്പിച്ചും മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യാനികളിലെ ഒരു വിഭാഗം ആണെന്ന് വെള്ളാപ്പള്ളി പറഞ്ഞത് മൂന്നു മാസങ്ങൾക്ക് മുൻപാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ മലപ്പുറം പ്രത്യേക രാജ്യമാണെന്നും അവിടെ സ്വതന്ത്രമായി ജീവിക്കാൻ ആകില്ലെന്നും പറഞ്ഞതും ഇതേ വെള്ളാപ്പള്ളിയാണ്. വർത്തമാനകാല കേരളത്തിൽ വെള്ളാപ്പള്ളിയോളം വിദ്വേഷം പ്രസംഗിച്ച, മനുഷ്യർക്കിടയിൽ വർഗീയത പരത്തിയ മറ്റൊരു സാമുദായിക നേതാവുവില്ല, ഒരുപക്ഷെ കേരളത്തിന്റെ ചരിത്രത്തിൽ പോലും ഈ വിധം കേരള സമൂഹത്തിൽ വിദ്വേഷം കുത്തിവെച്ച മറ്റൊരു സാമുദായിക നേതാവ് ഉണ്ടാവാൻ ഇടയില്ല. ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്ന മഹത്തായ ഒരു സംഘടനയുടെ തലപ്പത്തിരുന്നു കൊണ്ടാണ് വെള്ളാപ്പള്ളി ഈ നെറികെട്ട ഏർപ്പാടുകൾ മുഴുവൻ പറഞ്ഞു കൂട്ടുന്നത്.

പൊതു സമൂഹത്തിന്റെ ഐക്യം തകർക്കുന്ന മനുഷ്യരെ വർഗീയമായി വേർതിരിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾക്ക് എന്നും കുടപിടിക്കുന്ന സമീപനമാണ് ഈ സംസ്ഥാനത്തെ സർക്കാർ സ്വീകരിച്ചു പോന്നിട്ടുള്ളത്. ഒന്നു വീതം മൂന്നു നേരം വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ ചേർത്തുപിടിക്കുന്നതും സംരക്ഷിച്ചു പോരുന്നതും പിണറായി വിജയൻ എന്ന കേരളത്തിന്റെ മുഖ്യമന്ത്രി തന്നെയാണ്. കേരള സമൂഹത്തെ വിദ്വേഷ പ്രസംഗങ്ങളിലൂടെ മലീമസമാക്കുന്ന വെള്ളാപ്പള്ളി നടേശനെ ഏതാനും ദിവസങ്ങൾക്ക് മുന്നേ എങ്ങനെയാണ് മുഖ്യമന്ത്രി പുകഴ്ത്തിയത് എന്ന് കേരളം കണ്ടതാണ്. വെള്ളാപ്പള്ളി നടേശനെ വേദിയിലിരുത്തിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് വെള്ളാപ്പള്ളി ശ്രീനാരായണഗുരുവിനെ പകർത്തിയ നേതാവാണ് എന്നാണ്.

Signature-ad

ഉപ്പു മുതൽ കർപ്പൂരം വരെ എന്തിലും വർഗീയത തിരയുന്ന വെള്ളാപ്പള്ളി നടേശനയാണ് ജാതീയതിക്കെതിരെയും വർഗീയതക്കെതിരെയും നിലകൊണ്ട ഈ നാടിന്റെ മുഴുവൻ അഭിമാനമായ ശ്രീനാരായണഗുരുവിനെ പകർത്തിയ നേതാവ് എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അടുപ്പവും മനസ്സിലാക്കാൻ ഈയൊരു വാചകം മാത്രം മതിയാവും. ഒരു ഭാഗത്ത് വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ മതേതര കേരളം ഒരുമിച്ച് എതിർക്കുമ്പോൾ ആണ് മറ്റൊരു ഭാഗത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനെ നാരായണഗുരുവുമായി പേരുമായി ചേർത്ത് സംസാരിക്കുന്നത്.

വെള്ളാപ്പള്ളി നടേശനെ കൊണ്ട് വർഗീയത പറയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നത് കൂടിയാണ് പിണറായി വിജയന്റെ ഇത്തരത്തിലുള്ള വെള്ളാപ്പള്ളി നടേശൻ പുകഴ്ത്തലുകൾ. ഏറ്റവും ഒടുവിലായി ശ്രീനാരായണഗുരുവിനെ പകർത്തിയ ആളാണ് വെള്ളാപ്പള്ളി എന്നായിരുന്നു പറഞ്ഞതെങ്കിൽ ഏതാനും മാസങ്ങൾക്ക് മുന്നേ കുമാരനാശാന് പോലും സാധിക്കാത്തത് നടപ്പിലാക്കിയ ആളാണ് വെള്ളാപ്പള്ളി എന്നായിരുന്നു അദ്ദേഹത്തിന്റെ പുകഴ്ത്തൽ. നിരന്തരം വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശന് കേരളത്തിന്റെ ക്രമസമാധാനം പരിപാലിക്കാൻ ചുമതലയുള്ള ആഭ്യന്തരവകുപ്പ് മന്ത്രി കൂടിയായ പിണറായി വിജയൻ ഇത്തരത്തിൽ മഹനീയമായ പ്രശംസകൾ നൽകുന്നത് നിഷ്കളങ്കമായിയാണ് എന്നുകരുതാൻ എന്തായാലും കഴിയില്ല.

വായ തുറന്നാൽ ഏതെങ്കിലും ഒരു വിദ്വേഷം പറയണം എന്ന് നിർബന്ധ ബുദ്ധിയുള്ളത് പോലെയാണ് വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ കുറച്ചു കാലങ്ങളായി പെരുമാറി വരുന്നത്, ആ വെള്ളാപ്പള്ളി നടേശനയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീനാരായണഗുരുവിനെ പകർത്തിയാൽ എന്നു വിശേഷിപ്പിക്കുന്നത്. അതായത് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ കേവലം രാഷ്ട്രീയ കെട്ടുകഥ അല്ല എന്ന് സാരം.

ഈ ചുരുങ്ങിയ കാലയളവിൽ മാത്രം വെള്ളാപ്പള്ളി നടേശൻ പറഞ്ഞ വദ്വേഷ പരാമർശങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ കൈ വിരലുകൾ തികയാതെ വരും എന്നതാണ് സ്ഥിതിവിശേഷം. ഛത്തീസ്ഗഡിൽ നടന്ന കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളും സംവാദങ്ങളും കണ്ടാൽ മൂന്നാം ലോകമഹായുദ്ധം നടക്കുകയാണ് എന്ന് തോന്നുമെന്ന് പരിഹസിച്ചത് ഇതേ വെള്ളാപ്പള്ളി ആയിരുന്നു. കേരളം മുഴുവൻ കന്യാസ്ത്രീകളുടെ നീതിക്കായി പോരാടുമ്പോൾ വെള്ളാപ്പള്ളിക്ക് അതിനോട് തോന്നിയ വികാരം പരിഹാസം എന്നതാണ്. കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ആകുമെന്നും അതുകൊണ്ടുതന്നെ ജനസംഖ്യ കുറയാതിരിക്കാൻ പ്രൊഡക്ഷൻ കൂട്ടണമെന്ന അശ്ലീലം സ്ത്രീകളോട് പറഞ്ഞ വെള്ളാപ്പള്ളി നടേശനാണ് മുഖ്യമന്ത്രിയുടെ കണ്ണിൽ ശ്രീനാരായണഗുരുവിനെ കർത്തിയ മനുഷ്യൻ.

ഇന്നാട്ടിലെ ക്രിസ്ത്യൻ മുസ്ലിം ന്യൂനപക്ഷങ്ങളെ വിദ്വേഷ പ്രചരണങ്ങളിലൂടെ ആക്രമിക്കുന്ന പണിയാണ് വെള്ളാപ്പള്ളി നടേശൻ ഈ നാട്ടിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പരാമർശങ്ങളിൽ വെള്ളാപ്പള്ളി നടേനെതിരെ കേസോ, ഏതെങ്കിലും തരത്തിലുള്ള നടപടികളോഎടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും കേരളസർക്കാരും വെള്ളാപ്പള്ളി നടേശന്റെ ഈ ചെയ്തികൾക്ക് കുട പിടിക്കുകയാണ്. അതിനുമപ്പുറം പ്രതിപക്ഷം പറയുന്നതുപോലെ വെള്ളാപ്പള്ളി നടേശന് സംസാരിക്കാനുള്ള വർഗീയ പ്രസംഗങ്ങൾ എഴുതി നൽകുന്നത് സിപിഎം ആണോ എന്ന് പൊതുജനത്തിനു പോലും തോന്നിക്കുന്ന വിധത്തിലുള്ള പുകഴ്ത്തലുകളും സംരക്ഷണവുമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും വെള്ളാപ്പള്ളി നടേശന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ മത സാമുദായിക ഐക്യത്തെ അപകടകരമായ രീതിയിൽ തകർക്കുന്ന പണിയാണ് വെള്ളാപ്പള്ളി നടേശൻ ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്നോ രണ്ടോ അല്ല ഒട്ടനവധി തവണയാണ് വെള്ളാപ്പള്ളി നടേശൻ പരസ്യമായി വിദ്വേഷ പ്രചാരണങ്ങൾ നടത്തിയിട്ടുള്ളത്. ഇതുവരെ ആ പറഞ്ഞതിൽ ഒന്നും ഖേദം പ്രകടിപ്പിക്കുകയോ തിരുത്തുകയോ ചെയ്തിട്ടില്ല എന്ന് മാത്രമല്ല തുടർന്നും വിദ്വേഷ പ്രചാരണങ്ങൾ നടത്തുകയാണ് ചെയ്തിട്ടുള്ളത്. കേരളത്തിലെ ഒരു മത വിഭാഗത്തെയും അപമാനിക്കാൻ അനുവദിക്കുകയില്ല എന്നു പറഞ്ഞു വെള്ളാപ്പള്ളി നടേശനെതിരെ കർശന നടപടി സ്വീകരിക്കേണ്ട കേരളത്തിന്റെ മുഖ്യമന്ത്രിയാണ് നിർഭാഗ്യവശാൽ പല സന്ദർഭങ്ങളിലായി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തുകയും അദ്ദേഹത്തിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നത്.

‘ശ്രീനാരായണ ഗുരുസ്വാമികളുടെ മഹത്തായ സന്ദേശങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഗുരുദേവൻ അരുത് എന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങൾമാത്രം ചെയ്തുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി, വർഗീയ വിഷം വമിപ്പിച്ചുകൊണ്ട് കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തെ വീണ്ടും വർഗീയ ഭ്രാന്താലയമാക്കാനാണ് വെള്ളാപ്പള്ളിയുടെ ഗൂഢശ്രമം’ ഇത്തരത്തിൽ വിഎം സുധീരനെ പോലുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പോലും വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായി സംസാരിക്കുമ്പോൾ മറുഭാഗത്ത് സിപിഎമ്മിൽ നിന്ന് അങ്ങനെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുന്നില്ല എന്നു മാത്രമല്ല വെള്ളാപ്പള്ളി നടേശനെ എപ്പോഴും ചേർത്തു പിടിക്കാനും ശ്രമിക്കുന്നു. സിപിഎമ്മിനും മുഖ്യമന്ത്രിക്കും ദുരുദ്ദേശങ്ങൾ ഇല്ലെങ്കിൽ പിന്നെ എന്തിനു വേണ്ടിയാണ് വിദ്വേഷം പ്രചരിപ്പിക്കുന്ന ഒരാളോട് മമതയും, സ്നേഹവും, സംരക്ഷണ മനോഭാവവും?

ഒരു ജാതി ഒരു മതം ഒരു ദൈവം പറഞ്ഞു കേരളത്തിന് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും രാഷ്ട്രീയം പറഞ്ഞു നൽകിയ ശ്രീനാരായണഗുരുദേവന്റെ പേരിലുള്ള സംഘടനയുടെ തലപ്പത്താണ് വെള്ളാപ്പള്ളി ഇരിക്കുന്നത് എന്നത് ഈ നാടിനു മുഴുവൻ അപമാനകരമായ കാര്യമാണ്. ശ്രീനാരായണ ഗുരുവിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും പിന്തുടരുന്ന ഒരു മനുഷ്യനും വെള്ളാപ്പള്ളി നടേശനെ ഉൾക്കൊള്ളാൻ കഴിയില്ല. കേരളത്തെ വിദ്വേഷ പരാമർശങ്ങളിലൂടെ നിരന്തരം വർഗീയമായി വേർതിരിക്കുന്ന വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാതെ, അദ്ദേഹത്തെ സംരക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. നിരന്തരം വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തുകയും, അദ്ദേഹതത്തെ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ ഇടതുപക്ഷം അവരുടെ നെറികെട്ട വോട്ട് ബാങ്ക് രാഷ്ട്രീയം വ്യക്തമാക്കുകയാണ് ചെയ്യുന്നത്. വെള്ളാപ്പള്ളി നടേശനെ കൊണ്ട് വർഗീയത പറയിക്കുന്നത് പിണറായി വിജയൻ ആണ് എന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഓരോ ദിവസം കഴിയുന്തോറും പൊതുജനം കൂടുതൽ ശക്തമായി വിശ്വസിക്കാൻ തുടങ്ങുന്നു, കേവലം ആരോപണത്തിനപ്പുറം അത് യാഥാർത്ഥ്യമാണ് എന്ന് മലയാളിക്ക് തോന്നി തുടങ്ങി എന്നു തന്നെ ഈ സാഹചര്യത്തിൽ പറയേണ്ടിവരും…

Back to top button
error: