എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നല്‍കട്ടെ; ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി : ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. മനോഹരമായ ഉത്സവം എല്ലാവര്‍ക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നല്‍കട്ടെയെന്ന് നരേന്ദ്രമോദി ആശംസാസന്ദേശത്തില്‍ കുറിച്ചു. രാജ്യത്തിന് അകത്തും പുറത്തുമുള്ള കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ആശംസകള്‍ നേരുന്നതായി രാഷ്ട്രപതി കുറിച്ചു.
ഓണം പുതിയ വിളവെടുപ്പിന്റെ സന്തോഷം മാത്രമല്ല, കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ഒരു സവിശേഷ ഉദാഹരണമാണ്. ഈ ആഘോഷം മതസാമുദായിക വിശ്വാസങ്ങള്‍ക്കപ്പുറം ഒരുമയുടേയും സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രാധാന്യം വിളിച്ചോതുക കൂടി ചെയ്യുന്നുവെന്നും രാഷ്ട്രപതി സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
മലയാളത്തിലുള്ള പ്രധാനമന്ത്രിയുടെ ഓണസന്ദേശം ഇപ്രകാരമാണ്. എല്ലാവര്‍ക്കും വളരെ സന്തോഷം നിറഞ്ഞ ഓണാശംസകള്‍! ഈ മനോഹരമായ ഉത്സവം എല്ലാവര്‍ക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നല്‍കട്ടെ. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്‌കാരത്തെയും ഓര്‍മ്മിപ്പിക്കുന്നു. ഈ ഉത്സവം ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്‌കാരിക അഭിമാനത്തിന്റെയും പ്രതീകമാണ്. ഈ വേള നമ്മുടെ സമൂഹത്തില്‍ സൗഹാര്‍ദ്ദം വളര്‍ത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ദൃഢമാക്കാനും സഹായിക്കട്ടെ.






