Breaking NewsKeralaLead NewsNEWS

ആനന്ദിനിത് ആനന്ദപ്പൊന്നോണം! 2014ലെ ഓണക്കാലത്ത് വ്യാജപീഡന പരാതിയില്‍ കുരുങ്ങി; 11 വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു ഓണക്കാലത്ത് കുറ്റവിമുക്തന്‍

ഇടുക്കി: പാതാളത്തില്‍ ഒളിച്ചിരുന്ന ഓണസന്തോഷം 11 വര്‍ഷങ്ങള്‍ക്കു ശേഷം മറയൂരില്‍ പ്രഫ. ആനന്ദ് വിശ്വനാഥന്റെ വീട്ടിലെത്തി. അധ്യാപകദിനം കൂടിയായ ഇന്ന് ഓണസദ്യയ്ക്ക് തയാറെടുക്കുമ്പോള്‍ അദ്ദേഹം പറയുന്നു ‘ഇതാണ് ശരിക്കും ഹാപ്പി ഓണം !’.

2014ലെ ഓണക്കാലത്താണു മൂന്നാര്‍ ഗവ. കോളജ് ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന പ്രഫ. ആനന്ദിനെതിരെ വ്യാജ പീഡനപരാതി സൃഷ്ടിക്കപ്പെട്ടത്. പരാതി വ്യാജമാണെന്നു കണ്ടെത്തി കുറ്റവിമുക്തനാക്കപ്പെട്ടത് ഇത്തവണത്തെ ഓണക്കാലത്ത്. ഇതിനിടെ ഓണം ആഘോഷിച്ചിട്ടുണ്ടെങ്കിലും ഇത്രത്തോളം മാധുര്യമില്ലെന്ന് ആനന്ദ് പറയുന്നു.

Signature-ad

2014ലെ അധ്യാപക ദിനത്തിലാണ്, എസ്എഫ്‌ഐ പ്രവര്‍ത്തകരായ 5 വിദ്യാര്‍ഥിനികളെ കോപ്പിയടിച്ചതിന് ആനന്ദ് പിടികൂടിയത്. പിന്നീട് അദ്ദേഹത്തിനെതിരെ വ്യാജ പരാതി പോയി. കഴിഞ്ഞയാഴ്ചയാണു കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

കഴിഞ്ഞ 10 ഓണങ്ങളും വ്യാജക്കേസിന്റെ പേരില്‍ ആനന്ദും കുടുംബവും ആഘോഷിക്കാതിരുന്നിട്ടില്ല. പക്ഷേ, സന്തോഷം പൂര്‍ണമായിരുന്നില്ല. ഉള്ളിന്റെയുള്ളില്‍ നീറുന്ന ഓര്‍മയായി കേസ് നിലനിന്നു. 2019ല്‍ തിരുവനന്തപുരത്ത് പ്രിന്‍സിപ്പല്‍മാരുടെ കോണ്‍ഫറന്‍സിനിടെ ഇടതുപക്ഷ സംഘടനയില്‍പ്പെട്ടയാള്‍ ‘താങ്കള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചവനല്ലേ’ എന്നു പരസ്യമായി ചോദിച്ചു.

കോടതി വിധി വരട്ടെ എന്നു മാത്രമാണ് ആനന്ദ് മറുപടി നല്‍കിയത്. ഇത്തരത്തില്‍ ഒട്ടേറെ പ്രതികരണങ്ങള്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെ കേട്ടെങ്കിലും കുടുംബം ഒപ്പംനിന്നു. 2020ല്‍ പാലക്കാട് ചിറ്റൂര്‍ കോളജില്‍ നിന്ന് വിരമിച്ചതിനു ശേഷം മറയൂരിലെ സ്വന്തം സ്ഥലത്തു കൃഷി തുടങ്ങി.

പെന്‍ഷനും ആനുകൂല്യങ്ങളും പൂര്‍ണമായി ലഭിക്കാന്‍ വേണ്ട നടപടികള്‍ ഓണത്തിനുശേഷം സ്വീകരിക്കും. വ്യാജപ്പരാതി നല്‍കിയവര്‍ക്കെതിരെ കേസ് നല്‍കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button
error: