അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് പുല്ലുവില! ഇന്ത്യയ്ക്ക് വന്‍ ഓഫറുമായി റഷ്യ; ക്രൂഡ് ഓയില്‍ വില കുറച്ചു

മോസ്‌കോ: അമേരിക്കയുടെ പ്രതികാര നടപടികള്‍ തുടരുന്നതിനിടെ ഇന്ത്യയ്ക്ക് വന്‍ ഓഫറുമായി റഷ്യ. ക്രൂഡ് ഓയില്‍ വില കുറച്ചു. ബാരലിന് നാല് ഡോളര്‍ വരെയാവും കുറയുക. ഈ മാസം പ്രതിദിനം ഇന്ത്യ മൂന്ന് ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിലരെ അമേരിക്ക ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ നടപടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് എണ്ണ വിറ്റ് നേടുന്ന പണമാണ് റഷ്യ യുക്രൈന്‍ യുദ്ധത്തിന് ഉപയോഗിക്കുന്നതെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണം.
ഇന്ത്യക്കെതിരെയുള്ള തീരുവ വര്‍ധനവില്‍ അമേരിക്കയുടെ നടപടിയെ ന്യായീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും രംഗത്തെത്തിയിരുന്നു. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനാണ് ഇന്ത്യയ്ക്കെതിരെ തീരുവ പ്രഖ്യാപിച്ചതെന്നും യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് തീരുവയിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തീരുവ വിഷയത്തില്‍ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് വ്യക്തമാക്കി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജനാധിപത്യ രാജ്യമെന്ന നിലയില്‍ റഷ്യയെക്കാളും ചൈനയെക്കാളും ഇന്ത്യയ്ക്ക് അടുപ്പം യുഎസിനോടെന്നും സ്‌കോട്ട് ബെസന്റ് പറഞ്ഞു.






