ആഭ്യന്തരകലാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ പര്‍വ്വതത്തില്‍ പോയി താമസിച്ചു ; കനത്തമഴയില്‍ മണ്ണിടിച്ചിലില്‍ ഒരു ഗ്രാമം മുഴുവന്‍ അപ്രത്യക്ഷമായി ; 1000 ലധികം പേര്‍ മരണമടഞ്ഞു, ഒരാള്‍ രക്ഷപ്പെട്ടു

ഡാര്‍ഫുര്‍: ആഭ്യന്തര കലാപത്തെ പേടിച്ച് വലിയ പര്‍വ്വതനിരയില്‍ പോയി താമസിച്ചവര്‍ക്ക് മേല്‍ മണ്ണിടിച്ചിലുണ്ടായി ഒരു ഗ്രാമം മുഴുവനും ഇല്ലാതായപ്പോള്‍ ഒരാള്‍ രക്ഷപ്പെട്ടു. ആയിരത്തിലധികം പേരാണ് മണ്ണിടിച്ചിലില്‍ മരണമടഞ്ഞത്. സുഡാനിലെ പടിഞ്ഞാറന്‍ ഡാര്‍ഫുര്‍ മേഖലയിലെ മര്‍റ പര്‍വതനിരകളിലുള്ള തരാസിന്‍ ഗ്രാമം പൂര്‍ണ്ണമായും മണ്ണിനടിയിലായി. ദുരന്തത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്ന് സുഡാന്‍ ലിബറേഷന്‍ മൂവ്‌മെന്റ് ആര്‍മി അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസമായി ഇവിടെ തുടര്‍ച്ചയായി കനത്ത മഴയായിരുന്നു.
ക്ഷാമവും വംശഹത്യയും കാരണം ഡാര്‍ഫുര്‍ മേഖല ദുരിതത്തിലായിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. ‘ആയിരത്തിലധികം ആളുകള്‍ താമസിച്ചിരുന്ന തരാസിന്‍ ഗ്രാമത്തില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. സുഡാനീസ് സൈന്യവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള യുദ്ധം കാരണം നോര്‍ത്ത് ഡാര്‍ഫുര്‍ സംസ്ഥാനത്ത് നിന്ന് നിരവധി ആളുകള്‍ മര്‍റ പര്‍വതനിരകളിലേക്ക് പലായനം ചെയ്തിരുന്നു. നിരന്തരമായ മഴയെ തുടര്‍ന്നാണ് മര്‍റ പര്‍വതനിരകളിലെ തരാസിന്‍ ഗ്രാമത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്.
സിട്രസ് ഉല്‍പ്പാദനത്തിന് പേരുകേട്ട പ്രദേശത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും മണ്ണിടിച്ചില്‍ നശിപ്പിച്ചതായും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. സുഡാനിലെ സൈന്യവും അര്‍ദ്ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള ആഭ്യന്തരയുദ്ധം രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യത്തിലാണ് മണ്ണിടിച്ചിലും ഉണ്ടായത്. യുദ്ധം കാരണം ഡാര്‍ഫുറിന്റെ പല ഭാഗങ്ങളിലേക്കും – മണ്ണിടിച്ചിലുണ്ടായ പ്രദേശം ഉള്‍പ്പെടെ – അന്താരാഷ്ട്ര സഹായ സംഘടനകള്‍ക്ക് എത്താന്‍ കഴിയില്ല. ഇത് അടിയന്തിര മാനുഷിക സഹായം എത്തിക്കുന്നതിന് ഗുരുതരമായ പരിമിതികള്‍ സൃഷ്ടിക്കുന്നു.






