താമരശ്ശേരി മത്സ്യമാര്‍ക്കറ്റില്‍ വീണ്ടും ഗുണ്ടാ ആക്രമണം; വാഹനവും ഓഫീസും തകര്‍ത്തു, 2 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന മത്സ്യമാര്‍ക്കറ്റില്‍ വീണ്ടും ആക്രമണം. ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെ എത്തിയ അഞ്ചംഗ ക്വട്ടേഷന്‍ സംഘം ഓഫീസും വാഹനവും അടിച്ചു തകര്‍ത്ത ശേഷം ജീവനക്കാരെയും മര്‍ദിച്ചു. ഓഫീസിലെ ത്രാസ്, മേശ, കസേര, മത്സ്യം നിറക്കുന്ന പെട്ടികള്‍ എന്നിവയെല്ലാം അടിച്ചു തകര്‍ത്തു. പെട്ടിയും കല്ലും ഉപയോഗിച്ചാണ് മിനി കണ്ടയ്‌നര്‍ ലോറിയുടെ ചില്ല് തകര്‍ത്തത്. പരിക്കേറ്റ ജീവനക്കാരായ സുല്‍ഫിക്കര്‍, സുഹൈല്‍ എന്നിവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ശനിയാഴ്ച രാത്രിയിലും ക്വട്ടേഷന്‍ സംഘം മാര്‍ക്കറ്റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. മാര്‍ക്കറ്റ് കോമ്പൗണ്ടില്‍ കയറിയ രണ്ടുപേര്‍ ജീവനക്കാരനായ നവാസിനു നേരെ വധഭീഷണി മുഴക്കിയിരുന്നു. പിന്നീട് പോലീസ് എത്തി രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്ത് പോലീസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ഒരാള്‍ ഇറങ്ങി ഓടുകയും പോലീസ് പിന്തുടര്‍ന്ന് പിടികൂടിയ ശേഷം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് എത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇവര്‍ വൈദ്യപരിശോധനക്ക് തയ്യാറാവാതെ പോലീസിനു നേരെ ഭീഷണി മുഴക്കുകയും ആശുപത്രിയുടെ അകത്തും പുറത്തും ബഹളം വെക്കുകയുമായിരുന്നു.
മൂന്നര മണിക്കൂറോളം പോലീസിനെ വട്ടംചുറ്റിച്ചെങ്കിലും ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം കേരള പോലീസ് അര േ118 (മ) പ്രകാരം മദ്യപിച്ച് കലഹസ്വഭാവത്താല്‍ കാണപ്പെട്ടു എന്ന വകുപ്പ് മാത്രമാണ്. രാത്രി തന്നെ ഇവര്‍ പോലീസ് സ്റ്റേഷനില്‍നിന്നു പുറത്തിറങ്ങി. ഇവര്‍ സഞ്ചരിച്ചിരുന്ന ഗുഡ്‌സ് ഓട്ടോയില്‍ ആയുധങ്ങള്‍ ഉണ്ടെന്ന് മാര്‍ക്കറ്റ് ജീവനക്കാര്‍ പറഞ്ഞിട്ടും കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഇതേ സംഘത്തില്‍പ്പെട്ട മറ്റ് അഞ്ചുപേരാണ് പുതിയ ആക്രമം നടത്തിയത്.
ശനിയാഴ്ച വൈകുന്നേരം മാര്‍ക്കറ്റിലേക്കുള്ള വഴിയില്‍ കുഴി എടുത്ത് സ്ഥലമുടമ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടഞ്ഞിരുന്നെങ്കിലും ഞായറാഴ്ച രാവിലെ മാര്‍ക്കറ്റ് ഉടമ കുഴി അടച്ച് വീണ്ടും സഞ്ചാരയോഗ്യമാക്കിയിരുന്നു. വൈകുന്നേരം മൂന്നു മണിയോടെ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് വീണ്ടും സ്ഥലമുടമ വന്‍കിടങ്ങ് കുഴിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മാര്‍ക്കറ്റ് ഉടമ ഷബീറും സ്ഥലം ഉടമ ലത്തീഫും തമ്മില്‍ വക്കേറ്റമുണ്ടാവുകയും പോലീസ് എത്തി ഇരുകൂട്ടരേയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു.
താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ സായൂജ് കുമാര്‍ ഇരുകൂട്ടരുമായി സംസാരിച്ചശേഷം തിങ്കളാഴ്ച രാവിലെ 10 മണി വരെ നിലവിലെ അവസ്ഥയില്‍ തുടരാനും അതിനുശേഷം തീരുമാനത്തില്‍ എത്താമെന്നും ധാരണയായി പിരിയുകയായിരുന്നു.
പോലീസ് സ്റ്റേഷനില്‍നിന്നു പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് മാര്‍ക്കറ്റില്‍ ക്വട്ടേഷന്‍ സംഘം ആക്രമം നടത്തിയത്. മാര്‍ക്കറ്റ് ഉടമയും സ്ഥലമുടമയും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ശനിയാഴ്ച ഭീഷണി മുഴക്കിയ സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവാതിരുന്നതിനാലാണ് വീണ്ടും ആക്രമുണ്ടാവാന്‍ കാരണമെന്ന് മാര്‍ക്കറ്റ് ഉടമ ഷബീര്‍ പറഞ്ഞു.






