ട്രംപ് എവിടെ? ആരോഗ്യനില എങ്ങനെ? ചര്‍ച്ച സജീവം; ‘വല്ലതും’ സംഭവിച്ചാല്‍ താനേറ്റെന്ന് വാന്‍സ്

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ആരോഗ്യവാനാണോ? അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ? 79-കാരനായ അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോഗ്യനിലയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്നത് വലിയ ചര്‍ച്ചകളാണ്. കുറച്ചുദിവസങ്ങളായി ട്രംപിനെ പൊതുവേദികളില്‍ കാണാനില്ലെന്നാണ് സാമൂഹികമാധ്യമമായ എക്സിലെ ചില കുറിപ്പുകള്‍ പറയുന്നത്.
ഓഗസ്റ്റ് 30, 31 തീയതികളില്‍ ട്രംപിന് പൊതുപരിപാടികളൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നു. ട്രംപിന്റെ കൈപ്പത്തിയുടെ പുറംഭാഗത്ത് ചതവുപോലെ കാണപ്പെടുന്ന ഫോട്ടോകള്‍ പുറത്തെത്തിയത് ഇത്തരം നിഗമനങ്ങളുടെ ആക്കംകൂട്ടിയിട്ടുണ്ട്.
അതേസമയം, ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ളത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. ഇക്കഴിഞ്ഞ ദിവസം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ലെങ്കിലും ട്രംപ്, തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ സജീവമാണെന്നും മാത്രമല്ല, അമേരിക്ക ലേബര്‍ ദിന വാരാന്ത്യത്തിലേക്ക് കടക്കുന്നതിനാലാകാം ട്രംപിന് പൊതുപരിപാടികളില്ലാത്തതെന്നും ഇവര്‍ പറയുന്നു.
ഓഗസ്റ്റ്മാസം അവസാനത്തെ രണ്ടാഴ്ച ന്യൂജേഴ്സിയിലെ ബെഡ്മിനിസ്റ്ററിലെ റിസോര്‍ട്ടില്‍ ചെലവഴിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അദ്ദേഹം ആ പദ്ധതി ഉപേക്ഷിക്കുകയും വൈറ്റ് ഹൗസില്‍ത്തന്നെ തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു.
അതേസമയം, ട്രംപിന്റെ ആരോഗ്യം മികച്ചനിലയിലാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. യുഎസ് ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്രംപ് ആരോഗ്യവാനാണെന്നും വൈറ്റ് ഹൗസില്‍ നാലുവര്‍ഷ ഭരണകാലയളവ് അദ്ദേഹം പൂര്‍ത്തിയാക്കുമെന്നും പറഞ്ഞ വാന്‍സ്, അതിദാരുണമായ ദുരന്തമുണ്ടാകുന്നപക്ഷം അമേരിക്കയുടെ കമാന്‍ഡര്‍ ഇന്‍ ചീഫായി ചുമതലയേറ്റെടുക്കാന്‍ സന്നദ്ധനാണെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.
അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ട്രംപ്. 78 വര്‍ഷവും ഏഴുമാസവുമായിരുന്നു സ്ഥാനാരോഹണവേളയില്‍ അദ്ദേഹത്തിന്റെ പ്രായം. അതേസമയം, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മൂന്നാമത്തെ വൈസ് പ്രസിഡന്റാണ് ജെ.ഡി. വാന്‍സ്.






