സര്‍ക്കാരിന്റെ പുതിയ വികസനസദസ്സും മറ്റൊരു തട്ടിപ്പ് ; കോടികള്‍ ചെലവഴിച്ച നവകേരളസദസ്സ് എന്തായെന്ന് കോണ്‍ഗ്രസ് ; സര്‍ക്കാരിന്റെ പരാജയം മറയ്ക്കാനുള്ള പുകമറയാണെന്നു സണ്ണിജോസഫ്

തിരുവനന്തപുരം: സര്‍ക്കാര്‍ പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന വികസനസദസ്സ് പഴയത് പോലെ തന്നെ ഖജനാവ് കാലിയാക്കാനുള്ള തട്ടിക്കൂട്ടെന്ന് യുഡിഎഫ്. മുമ്പ് കോടികള്‍ ചെലവഴിച്ച് നവകേരള സദസ്സ് നടത്തിയിട്ട് എന്തായെന്നും വിമര്‍ശിച്ചു. സര്‍ക്കാരിന്റെ പരാജയം മറയ്ക്കാനുള്ള പുകമറയാണെന്നും അതിനെതിരെയുള്ള വിധിയെഴുത്തിന് ജനങ്ങള്‍ കാത്തിരിക്കുകയാണെന്നുമാണ് കെപിസിസി അദ്ധ്യക്ഷന്റെ പ്രതികരണം.
പിരിവെടുത്തും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ചും 2023ല്‍ മുഖ്യമന്ത്രി ഒരു പരിപാടി സംഘടിപ്പിച്ച യാത്രയുടെ പേര് തന്നെ ജനങ്ങള്‍ മറന്നുപോയെന്നും അതുകൊണ്ട് ഒരു കടുകുമണിയുടെ നേട്ടം പോലും കേരളത്തിനുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട് ഒരു സിംഗിള്‍ പൈസയുടെ പദ്ധതി പോലും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടോയെന്നും ചോദിച്ചു.
മുഖ്യമന്ത്രി മുമ്പ് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയും തട്ടിപ്പായിരുന്നെന്നും ജനങ്ങളുടെ മുന്നില്‍ പരാജയം സമ്മതിക്കലാണെന്നും പറഞ്ഞു. ഒരു പഞ്ചായത്തിന്റെ കാലാവധി തീര്‍ന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഈ സര്‍ക്കാരിന്റെയും അതിന്റെ നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണ പരാജയം ജനങ്ങള്‍ തിരിച്ചറിയഞ്ഞു കഴിഞ്ഞെന്നും സണ്ണി ജോസഫ് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വികസന സദസ് സംഘടിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. വികസന സദസില്‍ വച്ച് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. വികസന സദസില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോ പ്രസന്റേഷനും അവതരിപ്പിക്കും. സദസ് സംഘടിപ്പിക്കുന്നതിനുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് വഹിക്കണം. പഞ്ചായത്തുകള്‍ക്ക് രണ്ട് ലക്ഷം രൂപയും മുന്‍സിപ്പാലിറ്റികള്‍ക്ക് നാലു ലക്ഷം രൂപയും നഗരസഭകള്‍ക്ക് ആറു ലക്ഷം രൂപയും ചെലവിടാമെന്നും പറയുന്നു.






