തലപ്പാടിയില്‍ കര്‍ണാടകയിലെ ബസ് ഇടിച്ചുണ്ടായ അപകടം ; മരണസംഖ്യ ആറായി ഉയര്‍ന്നു, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു ; അപകടകാരണമായത് അമിതവേഗമെന്ന് ദൃക്‌സാക്ഷികളുടെ വിവരണം

കാസര്‍കോട്: തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് ഉണ്ടാക്കിയ അപകടത്തില്‍ മരണമടഞ്ഞവരുടെ എണ്ണം ആറായി ഉയര്‍ന്നു. നാലു കര്‍ണാടക സ്വദേശികളും രണ്ട് മലയാളിളുമാണ് മരണമടഞ്ഞത്. മരണമടഞ്ഞവരില്‍ ഒരു 11 കാരിയുമുണ്ട്. അമിത വേഗത്തിലെത്തിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഓട്ടോറിക്ഷയിലേക്കും ഇടിച്ചുകയറിയായിരുന്നു അപകടമുണ്ടായത്.
ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹൈദര്‍ അലി, ആയിഷ, ഹസ്ന, ഖദീജ, നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്. ഇതില്‍ ഹസ്നയ്ക്ക് പ്രായം പതിനൊന്ന് വയസ് മാത്രമാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവര്‍ നിലവില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബസ് ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബസിന്റെ അമിതവേഗമായിരുന്നു അപകടകാരണമെന്നാണ് വിവരം. കാസര്‍കോട് നിന്ന് മംഗലാപുരത്തേയ്ക്ക് പോകുകയായിരുന്നു ബസ്. സര്‍വീസ് റോഡിലൂടെ പേകേണ്ട ബസ് ദേശീയ പാതയില്‍ കയറി അമിത വേഗതയില്‍ വരികയായിരുന്നുവെന്നാണ് വിവരം. ബസിന്റെ ടയര്‍ തേഞ്ഞ് തീര്‍ന്ന അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു.






