Breaking NewsKeralaLead NewsNEWS

മദയാനയ്ക്ക് മയക്കുവെടി! അര്‍ജന്റീനയെ നേരിടാന്‍ ബ്രസീല്‍ ടീമിനെ എത്തിക്കാന്‍ ശ്രമം; കളിക്കാന്‍ ക്ഷണിച്ചതായി പ്രതികരണം

തിരുവനന്തപുരം: കേരളത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കളിക്കാനെത്തുമ്പോള്‍ എതിരാളികളായി ബ്രസീലിനെ എത്തിക്കാന്‍ ആലോചന. ബ്രസീല്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ചതായി സംഘാടകരിലൊരാളായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് അര്‍ജന്റീന, ബ്രസീല്‍ ടീമുകള്‍ക്കാണ്. കേരളത്തില്‍ സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പ്രതികരിച്ചത്.

അതേസമയം, അര്‍ജന്റീനയുടെ എതിരാളികളുടെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പ്രതികരിച്ചു. 2026 ഫുട്‌ബോള്‍ ലോകകപ്പ് ഒരുക്കത്തിന്റെ ഭാഗമായി ബ്രസീല്‍ ടീം ഒക്ടോബറില്‍ ഏഷ്യന്‍ ടീമുകളായ ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവരുമായി സൗഹൃദമത്സരം കളിക്കുന്നുണ്ട്. അഞ്ചു വട്ടം ലോകചാംപ്യന്മാരായിട്ടുള്ള ബ്രസീല്‍ ഒക്ടോബര്‍ 10ന് സോളില്‍ ദക്ഷിണ കൊറിയയുമായും 14ന് ടോക്കിയോയില്‍ ജപ്പാനുമായും ഏറ്റുമുട്ടും.

Signature-ad

കേരളത്തിലെത്തുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ എതിരാളികളായി സംസ്ഥാന കായിക വകുപ്പിന്റെ പരിഗണനയിലുള്ളത് നാലു ടീമുകളാണ്. സൗദി അറേബ്യ, ഖത്തര്‍, കോസ്റ്ററിക്ക എന്നീ ടീമുകളായിരുന്നു ആദ്യ ഘട്ട ചര്‍ച്ചകളിലുണ്ടായിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ടീമും താല്‍പര്യം പ്രകടിപ്പിച്ചെത്തിയതോടെ ടീമുകളുടെ എണ്ണം നാലായി.

ലോക ചാംപ്യന്‍മാര്‍ക്ക് കേരളം മികച്ച എതിരാളിയെത്തേടുമ്പോള്‍ മേല്‍ക്കൈ ലോക റാങ്കിങ്ങില്‍ 24ാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്കാണ്. എന്നാല്‍ കേരളത്തിലെ ആരാധക പിന്തുണ കണക്കിലെടുത്ത് അറബ് ടീമുകളെ പരിഗണിക്കാനും സാധ്യതയുണ്ട്. ഖത്തര്‍ ലോക റാങ്കിങ്ങില്‍ 53ാം സ്ഥാനത്തും സൗദി 59ാം സ്ഥാനത്തുമാണ്. വടക്കേ അമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്ക ടീം റാങ്കിങ്ങില്‍ (40) ആദ്യ അന്‍പതിനുള്ളിലുണ്ട്.

നവംബറിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനമെന്ന് സ്ഥിരീകരിച്ചെങ്കിലും എതിരാളികളെ കണ്ടെത്തിയശേഷം മാത്രമേ മത്സരത്തീയതി തീരുമാനിക്കാനാകൂവെന്ന് കായികവകുപ്പ് അധികൃതര്‍ പറയുന്നു. അംഗോളയില്‍ നടക്കുന്ന സൗഹൃദ മത്സരത്തിലെ എതിരാളികളെക്കൂടി പരിഗണിച്ചായിരിക്കും കേരളത്തിലെ എതിരാളികളെ തീരുമാനിക്കുക. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം നടത്താനാണ് ആലോചിക്കുന്നത്.

Back to top button
error: