സിപിഎമ്മുകാര്‍ അധികം കളിക്കരുത്; കേരളം ഞെട്ടിപ്പോകും, വരുന്നുണ്ട്! ആ കാളയെ കളയരുതെന്ന് ബിജെപിക്കും ഉപദേശം; മുന്നിറയിപ്പുമായി സതീശന്‍; അണിയറയില്‍ ഒരുങ്ങുന്നതെന്ത്?

കോഴിക്കോട്: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎമ്മുകാര്‍ ഇക്കാര്യത്തില്‍ അധികം കളിക്കരുത്. വൈകാതെ കേരളം ഞെട്ടുന്ന വാര്‍ത്ത വരുമെന്നും സതീശന്‍ പറഞ്ഞു. ‘സിപിഎമ്മുകാര്‍ അധികം കളിക്കരുത് ഇക്കാര്യത്തില്‍. കേരളം ഞെട്ടിപ്പോകും. വരുന്നുണ്ട്. വലിയ താമസമൊന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ’? സതീശന്‍ പറഞ്ഞു.
കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി എത്തിച്ച കാളയെ ഉപേക്ഷിക്കരുതെന്നും വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്താന്‍ ആവശ്യം വരുമെന്നും സതീശന്‍ വിമര്‍ശിച്ചു.
‘ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോള്‍ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ’, എന്നാണ് സതീശന്‍ പറഞ്ഞത്.
സിപിഐഎം നടത്തുന്ന പ്രതിഷേധം എന്തിനുവേണ്ടിയാണെന്ന് അറിയാം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ ആരോപണത്തില്‍ മറുപടിയില്ല. കേരളത്തിലെ സിപിഐഎം നേതാക്കന്മാര്‍ക്ക് രാജേഷ് കൃഷ്ണ ഹവാല പണം കൊടുത്തിരുന്നുവെന്ന ആരോപണം ഉയര്‍ന്നു. അത് ചര്‍ച്ച ചെയ്തില്ല. മറച്ചുവെച്ചു. രാഹുലിനെതിരെ കോണ്‍ഗ്രസ് സംഘടനാപരമായ നടപടി സ്വീകരിച്ചു. ലൈംഗിക ആരോപണക്കേസില്‍ പ്രതികളായ മന്ത്രിമാരെ ആദ്യം പുറത്താക്ക്. റേപ്പ് കേസ് പ്രതി അവിടെ ഇരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ അങ്ങോട്ട് ലൈംഗികാരോപണക്കേസില്‍ പ്രതികളുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.
മുഖം നോക്കാതെ ഹൃദയ വേദനയോടെ സഹപ്രവര്‍ത്തകനെതിയര നടപടിയെടുത്തു. മറ്റൊരു പാര്‍ട്ടിയും ഇങ്ങനെ നടപടിയെടുക്കില്ല. സ്ത്രീകളുടെ അഭിമാനം സൂക്ഷിക്കാനാണ് നടപടിയെടുത്തത്. കേരളത്തിലെ ജനങ്ങള്‍ ഈ നടപടിയെ ആദരവോടെ കാണും. കേരള രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന തീരുമാനമാകുമെന്ന് ആളുകള്‍ പറയുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.






