Breaking NewsBusinessLead NewsNEWSTRENDING

‘കോഴി’യാണ് താരം! വപണിയറിഞ്ഞില്ലെങ്കില്‍ ‘പണി’യാകും; തുടക്കത്തില്‍ ശ്രദ്ധിച്ചാല്‍ മികച്ച ആദായം ഉറപ്പ്; കുപ്രചാരണങ്ങള്‍ വിപണിയെ ബാധിക്കുമോ?

കോഴി മലയാളികളുടെ നിത്യജീവിതത്തിലെ പ്രധാന ഘടകമാണ്. ഭക്ഷണമായിട്ടോ, മറ്റുള്ളവരെ കളിയാക്കുന്നതിനോ നിത്യേന നമ്മള്‍ കോഴി എന്ന പദം ഉപയോഗിക്കുന്നു.

ആവതോളമിഹനിത്യവും ഭുജി-
ക്കാവതായ് പല പദാര്‍ത്ഥമില്ലയോ?
പാവമീ നിരപരാധിപക്ഷിയെ
ക്കൊല്‍വതെന്തിനു മനുഷ്യര്‍ കഷ്ടമേ

Signature-ad

വള്ളത്തോള്‍ നാരായണ മേനോന്‍ എഴുതിയ ‘കോഴി’ എന്ന കവിതയില്‍നിന്ന് ഉദ്ധരിച്ചതാണ് ഭാഗം.

കൃഷിയില്‍ തല്‍പ്പരരായി അതിലേക്ക് കണ്ണുമടച്ച് ഇറങ്ങുന്ന ഏതൊരു തുടക്കക്കാരനും പരീക്ഷിക്കാവുന്ന ഒന്നാണ് കോഴി വളര്‍ത്തല്‍. കേരളത്തില്‍ കര്‍ഷകരും സംരംഭകരുമടക്കം അഞ്ചു ലക്ഷത്തിലേറെ പേരുടെ ജീവനോപാധിയാണ് ഇറച്ചിക്കോഴിവളര്‍ത്തല്‍.

വിപണി സാധ്യത
കോഴിയിറച്ചി ഉപഭോഗത്തില്‍ കേരളം ഏറെ മുന്നിലാണ്. രാജ്യത്തെ കോഴിയിറച്ചി ഉല്‍പാദനത്തിന്റെ 4.38 ശതമാനം കേരളത്തില്‍നിന്നാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം പ്രതിശീര്‍ഷ കോഴിയിറച്ചി ഉപഭോഗം പ്രതിവര്‍ഷം ദേശീയ തലത്തില്‍ 3.1 കിലോയാണ് എങ്കില്‍ കേരളത്തിലിത് 10 കിലോയോളം വരും.

മാസത്തില്‍ 40,000 ടണ്‍ കോഴിയിറച്ചിയാണ് മലയാളി കഴിക്കുന്നത്. എന്നുവച്ചാല്‍ ആഴ്ചയില്‍ ഒരു കോടി കിലോ. ഇതില്‍ 75 ശതമാനത്തോളം അതായത് 30,000 ടണ്ണാണ് കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദനം. ആവശ്യകതയുടെ 30 ശതമാനം തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് എത്തുന്നത്.

കൃഷിക്ക് ഇറങ്ങും മുമ്പ് എന്തൊക്കെ ശ്രദ്ധിക്കണം?
രാജ്യത്തെ മൊത്തം കാര്‍ഷിക ഉല്‍പാദനത്തിന്റെ 26 ശതമാനത്തോളം സംഭാവന ചെയ്യുന്നത് മൃഗസംരക്ഷണ മേഖലയാണ്. ഈ മേഖലയില്‍ കോഴിവളര്‍ത്തല്‍ രംഗത്തെ വാര്‍ഷിക വളര്‍ച്ച നിരക്ക് 16 ശതമാനത്തോളം വരും. കൃത്യമായ പരിചരണം നല്‍കിയാല്‍ മികച്ച ആദായം സ്വന്തമാക്കാനാകും. എന്നാല്‍ കോഴി വളര്‍ത്തലില്‍ ഇറങ്ങുന്നതിന് മുന്‍പ്, ഈ കൃഷിയില്‍ വ്യക്തമായ പരിജ്ഞാനം നേടിയിരിക്കണം.

കോഴി കൃഷിയ്ക്ക് ആവശ്യമായ സ്ഥലം
ഇത് തെരഞ്ഞെടുക്കേണ്ടത് എത്ര കോഴികളെയാണ് വളര്‍ത്തുന്നത് എന്നത് അനുസരിച്ചാണ്. 1000 കോഴികളെ വളര്‍ത്തി ഫാം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ചുരുങ്ങിയത് 1250 സ്‌ക്വയര്‍ ഫീറ്റ് തെരഞ്ഞെടുത്തിരിക്കണം. കോഴിത്തീറ്റ സംഭരിക്കുന്നതിനും പ്രത്യേകം സ്ഥലം ആവശ്യമാണ്.

കോഴി വളര്‍ത്തലിന്റെ പരിസരത്ത് 100 മീറ്ററിന് ചുറ്റളവില്‍ വീടുകള്‍ ഉണ്ടെങ്കില്‍ കൃഷി ചെയ്യുന്നതിന് പഞ്ചായത്ത് ലൈസന്‍സും നിര്‍ബന്ധമാണ്. പുതിയതായി ഷെഡ് പണിയണമെങ്കില്‍ സ്‌ക്വയര്‍ മീറ്ററിന് 100 രൂപ ഫീസ് അടക്കണം. ലൈസന്‍സ് ഇല്ലാതെ കോഴി ഫാം നടത്തുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയാല്‍ 200 രൂപയാണ് പിഴ.

വെള്ളം, വൈദ്യുതി, ഗതാഗതം
ശുദ്ധജല ലഭ്യത, വൈദ്യുതി, വാഹന സൗകര്യം എന്നിവ ഉറപ്പു വരുത്തണം. തീറ്റ ഇറക്കുന്നതിനും കോഴി- മുട്ട എന്നിവയുടെ വിനിമയത്തിന് ആയാലും സ്റ്റോര്‍ റൂമിന് അടുത്ത് വരെ വാഹനം എത്തുന്ന രീതിയില്‍ സൗകര്യം ഒരുക്കണം. അല്ലാത്ത പക്ഷം ചെലവ് കൂടും.

വിപണി
ആദായത്തില്‍ വിപണിയുടെ സ്വാധീനം ഉല്‍പാദനത്തേക്കാള്‍ ഒരു പടി മുന്നിലാണ്. ഉല്‍പാദനം മികച്ചതായാലും വിപണിയും മാര്‍ക്കറ്റിങ്ങും പരാജയപ്പെട്ടാല്‍ കൃഷി നഷ്ടമാകും. അതിനാല്‍ തന്നെ മാര്‍ക്കറ്റിങ് രംഗത്തെ അറിവില്ലായ്മ, ശ്രദ്ധകുറവ് എന്നിവ സാമ്പത്തിക നഷ്ടത്തിന് വഴിവയ്ക്കും.

ഫാം നിര്‍മാണത്തിനും ഹൈ ടെക് കൂട് ഫിറ്റ് ചെയ്യാനും ചെലവഴിക്കുന്ന സമയം എങ്ങനെ വിപണി കണ്ടെത്താമെന്നും, മാര്‍ക്കറ്റ് ചെയ്യാമെന്നതിലും വിനിയോഗിക്കേണ്ടത് അത്യാവശ്യമാണ്. അതിന് അനുസരിച്ചാണ് എത്ര കോഴികളെ, ഏത് ഇനങ്ങളെ വളര്‍ത്തണമെന്നത് പരിശോധിക്കേണ്ടത്. തുടര്‍ന്ന് പതിയെ പടിപടിയായി വികസിപ്പിക്കുന്നതാണ് ഉത്തമം. പെട്ടെന്ന് ബിസിനസ് വളര്‍ത്താന്‍ ശ്രമിച്ചാല്‍ വന്‍ വീഴ്ചയാകും ഫലം.

വിപണനത്തിന്റെ റിസ്‌ക് കുറയ്ക്കുന്നതിനായി ബ്രോയിലര്‍ കോഴികള്‍ക്ക് അഭികാമ്യം ഇന്റഗ്രെഷന്‍ രീതിയാണ്. മുട്ടകോഴി കൃഷിയിലാവട്ടെ, തുറന്നു വിട്ടു വളര്‍ത്തുന്ന ഇനങ്ങളും ഹൈ ടെക് കൂടുകളില്‍ വളര്‍ത്തുന്ന ഇനങ്ങളും തെരഞ്ഞെടുക്കാം. നമ്മുടെ കാലാവസ്ഥക്ക് ഇണങ്ങുന്ന സങ്കരഇനം കോഴികളും ഇതില്‍ ഉള്‍പ്പെടും.ഹൈ ടെക് കൂടുകളില്‍ വളര്‍ത്തുന്നവയിലും മികച്ച ഇനങ്ങളെ കുറിച്ച് വിശകലനം നടത്തേണ്ടത് അനിവാര്യമാണ്.

ചൂട് ശ്രദ്ധിക്കണം; ചെലവ് വര്‍ധിച്ചു
ആയിരം കോഴിക്കുഞ്ഞുങ്ങളെ ഫാമിലിട്ടാല്‍ 900 കോഴികളെയാണ് ലഭിക്കുക. ചൂടും മറ്റ് കാരണങ്ങളാലും 10 ശതമാനം കോഴികള്‍ ചത്തുപോകും. ചൂട് പ്രധാന വില്ലനാണ്. കേരളത്തില്‍ പാലക്കാട് പോലെ സദാ കടുത്ത ചൂടുള്ള സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം.
ഒരു കോഴി പൂര്‍ണ വളര്‍ച്ചയിലേക്ക് എത്താന്‍ 36-40 വരെ ദിവസമാണ് വേണ്ടത്. ഒരു കിലോ തൂക്കമുള്ള കോഴിക്കായി 100-110 രൂപ വരെ കര്‍ഷകന് ചെലവാകും. കോഴിക്കുഞ്ഞിന്റെ വില, മരുന്ന്, വാക്‌സിന്‍, കോഴിത്തീറ്റ, ഫാമിലെ വളര്‍ത്തുകൂലി വൈദ്യുതി, വെള്ളം, പണിക്കൂലി എന്നിവയാണ് ചെലവായി വരുന്നത്. കോഴിക്കുഞ്ഞുങ്ങളെ 25-30 രൂപ വിലയില്‍ ലഭിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് കൃഷി ലാഭകരമാകൂ.

കര്‍ഷകന് നഷ്ടം, ഇടനിലക്കാരന് ലാഭം
കര്‍ഷകന് നഷ്ടവും ഇടനിലക്കാര്‍ക്ക് ലാഭവും ഉണ്ടാകുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. 135 മുതല്‍ 145 രൂപ വരെയാണ് ഇറച്ചിക്കോഴി വില വരുമ്പോള്‍ ലഭിക്കുന്നത് കര്‍ഷകന് 100-105 രൂപ വരെ മാത്രം.കോഴി വിതരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കും 10 രൂപ വീതം വില്പനക്കൂലിയായി ലഭിക്കും. തമിഴ്നാട് കേന്ദ്രീകരിച്ചാണ് കോഴിയുടെ വില നിയന്ത്രണം നടക്കുന്നതെന്നാണ് കര്‍ഷകരുടെ ആരോപണം.

മറ്റു പ്രതികൂല ഘടകങ്ങള്‍
ലാഭം മാത്രം പ്രതീക്ഷിച്ച് ഇറങ്ങുമ്പോള്‍ പ്രതികൂല ഘടകങ്ങള്‍ മറക്കരുത്. ഇറച്ചിക്കോഴി വളര്‍ത്തലിനെ കൃഷിയുടെയോ, വ്യവസായത്തിന്റെയോ ഭാഗമായി പരിഗണിക്കുന്നുമില്ല. വര്‍ഷത്തില്‍ ആറു മാസത്തിലധികവും ഉല്‍പാദനച്ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കോഴിയെ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു.

തീറ്റച്ചെലവിലും ഉല്‍പാദനച്ചെലവിലുമുണ്ടായ വര്‍ധന, തീറ്റയ്ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില, ഇതിനൊക്കെ പുറമെ ഗുണനിലവാരത്തെ തകര്‍ക്കുന്ന വസ്തുതയില്ലാത്ത ആരോപണങ്ങള്‍ എന്നിവ ഈ മേഖലയെ പ്രതികൂലമായി ബാധിച്ചുവരുന്നു. അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള വിപണന സമ്മര്‍ദ്ദവും, ഉല്‍പാദനച്ചെലവിലെ വര്‍ധനയും ഇറച്ചിക്കോഴി കര്‍ഷകരെ പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നു.

കോഴിത്തീറ്റയ്ക്കാവശ്യമായ അസംസ്‌കൃത ചേരുവകള്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലെത്തുന്നത്. ഉല്‍പാദനച്ചെലവിന് ആനുപാതികമായി കോഴിയിറച്ചിയുടെയും മുട്ടയുടെയും വിലയില്‍ വര്‍ധനയുണ്ടാകുന്നില്ല. വര്‍ധിച്ചുവരുന്ന ഉല്‍പാദനച്ചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ കോഴിവളര്‍ത്തലില്‍നിന്ന് പിന്മാറുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു.ബാങ്ക് വായ്പയടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന കോഴിവളര്‍ത്തല്‍ സംരംഭകരും കേരളത്തിലേറെയാണ്.

കോഴികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ല. കൂട്ടത്തോടെ ചത്താല്‍ നഷ്ടം സഹിക്കണം. ഇന്‍ഷ്വറന്‍സ് ലഭിക്കാത്തതിനാല്‍ ഈടില്ലാതെ വായ്പ നല്‍കാന്‍ ബാങ്കുകളോ ഇതര ധനകാര്യ സ്ഥാപനങ്ങളോ തയ്യാറല്ല. ഇത്തരം സാഹചര്യത്തിലാണ് പലരും കേരളത്തിലെ കോഴി കൃഷി അവസാനിപ്പിക്കുന്നത്. എന്നാല്‍ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കൃഷി വകുപ്പിന്റെ കീഴിലാണ് കോഴി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം ലൈസന്‍സിലെ നൂലാമാലകള്‍ ഇല്ല. കുറഞ്ഞ പലിശയ്ക്ക് വായ്പയും ലഭിക്കും.

ഹോര്‍മോണ്‍ ആരോപണങ്ങള്‍ ശരിയോ ?
ഇറച്ചി കോഴികളുടെ ശരീരതൂക്കം, തീറ്റ പരിവര്‍ത്തനശേഷി, വളര്‍ച്ച നിരക്ക് എന്നിവ ജനിതക സെലക്ഷന്‍, പോഷണം, ശാസ്ത്രീയ പരിചരണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇതിനെ തെറ്റായി ഹോര്‍മോണുകള്‍, ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നു എന്ന് തെറ്റിദ്ധാരണ പരത്തുന്നവരുണ്ട്. ഹോര്‍മോണുകള്‍ നല്‍കിയല്ല കോഴികളെ വളര്‍ത്തുന്നത് എന്നത് ഗവേഷണ ഫലങ്ങളിലൂടെ വ്യക്തമാണ്. കോഴിവളര്‍ത്തലില്‍ ഹോര്‍മോണുകള്‍ തീരെ ഉപയോഗിക്കുന്നില്ല എന്ന് വിദഗ്ദ്ധര്‍ ഉറപ്പു നല്‍കുന്നു.

 

 

 

Back to top button
error: